എറണാകുളം: യുപി സ്വദേശിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയ രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുപി സദേശിയായ അജാസ് ഖാന്‍റെ മകൾ മുസ്‌കാനെ രണ്ടാം ഭാര്യയായ അനീഷ (23) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ആലുവ റൂറൽ എസ്‌പി ഡോ വൈഭവ് സക്സേന വ്യക്തമാക്കി.
അജാസ് ഖാൻ അറിയാതെ മകളെ അനീഷ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. അജാസ് രാത്രി പുറത്ത് പോയ സമയത്ത് രണ്ടാം ഭാര്യയായ അനീഷ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉറങ്ങുകയാണെന്ന വ്യാജേന കിടക്കയിൽ കിടത്തി. ഭർത്താവിന്‍റെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് ആറ് വയസുകാരിയായ മകൾ മരിച്ചതായി യുപി സ്വദേശികളായ ദമ്പതികൾ നാട്ടുകാരെ അറിയിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ മകൾ രാവിലെ ഉണർന്നില്ല എന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിക്കുകയും പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതമെന്ന് തെളിഞ്ഞത്. കോതമംഗലം നെല്ലിക്കുഴിയിൽ ഇരുമലപ്പടിക്ക് സമീപം യുപി സ്വദേശികളായ അജാസ് ഖാനും അനീഷയും നാല് വർഷത്തോളമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്.
Also Read:വണ്ടിപ്പെരിയാർ പോക്സോ കേസിൽ അപൂർവ നടപടിയുമായി ഹൈക്കോടതി; കുറ്റവിമുക്തനായ പ്രതി കോടതിയില്‍ ഹാജരാകണം