ന്യൂഡല്‍ഹി: 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ 175 ഓളം പേരെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്‌ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവൺമെന്‍റ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ തെറ്റാണെന്നും ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കിയവരുടെ യഥാർഥ എണ്ണം ആയിരക്കണക്കിന് വരാമെന്നും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്.
1947 മുതൽ ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധേയരായ ആളുകളുടെ പട്ടിക 2015ല്‍ നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം 752 പേരെങ്കിലും വധശിക്ഷയ്‌ക്ക് വിധേയരായെന്നാണ് കണക്കുകള്‍. വധശിക്ഷകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ സംസ്ഥാനത്തിനകത്തും ഓരോ ജയിൽ വകുപ്പുകളിൽ ലഭ്യമാണെങ്കിലും, അത്തരം വിവരങ്ങൾ പങ്കിടാൻ സർക്കാർ വിമുഖത കാണിക്കുന്നു.
1947 സെപ്റ്റംബർ 9-ന് ജബൽപൂർ സെൻട്രൽ ജയിലിൽ വെച്ച് വധിക്കപ്പെട്ട രഘുരാജ് സിങ് എന്ന റാഷയാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട വ്യക്തി. ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരെയാണ് 20 മാർച്ച് 2020ന് അവസാനമായി തൂക്കിലേറ്റിയത്.
കേരളത്തില്‍ തൂക്കിലേറ്റിയത് മൂന്ന് പേരെ
കേരളത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദവുമായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയിൽ 4 പേരുടെ കൊലപ്പെടുത്തിയ വി ബാലകൃഷ്‌ണനെ 16 മാർച്ച് 1990ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പർ ചന്ദ്രൻ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലൈ 6ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
ഇന്ത്യയില്‍ ഇതുവരെ തൂക്കിലേറ്റിയത് ഒരു സ്‌ത്രീയെ മാത്രം
സ്വതന്ത്ര ഇന്ത്യയിൽ നിരവധി സ്‌ത്രീകള്‍ക്കും വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഒരാളെ മാത്രമാണ് തൂക്കിലേറ്റിയത്. 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്.
ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്‌തിരുന്ന രത്തൻ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്‌തിരുന്ന മൂന്ന് സ്‌ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തന്‍റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രത്തൻ ബായ് ജെയിൻ വിഷം നല്‍കി മൂന്ന് പെണ്‍കുട്ടികളെ കൊന്നത്. ഈ കേസിലാണ് 1955 ജനുവരി 3ന് തിഹാർ ജയിലിൽ വച്ച് രത്തൻ ബായിയെ തൂക്കിലേറ്റിയത്.