കേരളം

kerala

ETV Bharat / state

സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗത്തിൻ്റെ അനുമതി; മാർഗനിർദേശങ്ങള്‍ പുറത്തിറക്കി - PRIVATE UNIVERSITY BILL

വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

STATE CABINET  PRIVATE UNIVERSITY GUIDELINES  സ്വകാര്യ സര്‍വകവാശാല ബില്ല്  മന്ത്രിസഭായോഗം
State Cabinet approves private university bill (ETV Bharat)

By ETV Bharat Kerala Team

Published : Feb 10, 2025, 10:10 PM IST

തിരുവനന്തപുരം:സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗത്തിൻ്റെ അനുമതി. നടപ്പ് സമ്മേളത്തില്‍ ഫെബ്രുവരി 13-ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും യോഗത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

സർവകലാശാലയ്‌ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വക്കണം. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം. മൾട്ടി-കാമ്പസ് സര്‍വകലാശാലയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം. എന്നിങ്ങനെയാണ് പ്രധാന മാനദണ്ഡങ്ങള്‍.

കൂടാതെ സർവകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഓരോ കോഴ്‌സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന ഫീസ് ഇളവ് / സ്കോളർഷിപ്പ് നിലനിർത്തുകയും ചെയ്യും.

അപേക്ഷാ നടപടിക്രമങ്ങൾ

വിശദമായ പ്രോജക്‌ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്‌ധ സമിതി അപേക്ഷ വിലയിരുത്തും.

വിദഗ്‌ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്‌ടർ (Members) എന്നിവർ അംഗങ്ങളാകും.

വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും. നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും. സ്വകാര്യ സർവകലാശാലകൾക്ക് മറ്റ് പൊതു സർവകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും.

മറ്റ് നിബന്ധനകൾ

സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. എന്നാൽ ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും. സംസ്ഥാന ഗവൺമെൻ്റിൻ്റെ ഒരു നോമിനി സ്വകാര്യ സർവകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും.

സംസ്ഥാന ഗവൺമെൻ്റിൻ്റെ മൂന്ന് നോമിനികൾ സ്വകാര്യ സർവകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. പിഎഫ് ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം എന്നിങ്ങനെയാണ് മറ്റ് നിബന്ധനകള്‍.

നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി

22-01-2025ലെ മന്ത്രിസഭായോഗം അംഗീകരിച്ച സർവകലാശാല നിയമ (ഭേദഗതി) (നം.1) ബിൽ 2025, സർവകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ 2025 ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ, സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെൻ്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ ആക്‌ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്‌ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹക സമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

02-01-2025ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

Also Read: കുറഞ്ഞ ചെലവിൽ മികച്ച യാത്ര ആസ്വദിക്കാം...; കുടുംബശ്രീയുടെ യാത്രാശ്രീയിലൂടെ കാഴ്‌ചകള്‍ കാണാം, കേരളത്തിന് അകത്തും പുറത്തും - KUDUMBASHREES YATHRASHREE TRIP

ABOUT THE AUTHOR

...view details