കോഴിക്കോട്: മീൻപിടുത്ത വലകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ഇയ്യം (വലമണി). 50 മുതൽ ആയിരം കിലോ വരെ ഇയ്യക്കട്ടികൾ ഉപയോഗിക്കുന്ന വലകൾ വരെ ഉണ്ട്. ഉപയോഗത്തിന് അനുസരിച്ച് തേയ്മാനം സംഭവിക്കുന്നതാണ് വലമണികൾ. ശരാശരി ആറ് മാസമൊക്കെ കഴിയുമ്പോൾ ഇത് തേയ്മാനം സംഭവിച്ച് പകുതിയാകും. വിഷാംശമുള്ള ഒരു വസ്തു കൂടിയാണ് ഇയ്യക്കട്ടികൾ.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടർച്ചയായി വിഷാംശം കലർന്ന ഇയ്യം കടലിൽ അലിഞ്ഞുചേരുമ്പോൾ ഉണ്ടാകുന്ന മലിനീകരണം സമുദ്രജീവികളുടെ നാശത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. ഇതോടെയാണ് വലമണിക്ക് ഇയ്യത്തിന് പകരം സ്റ്റെയിൻലസ് സ്റ്റീൽ എന്ന ആലോചന വന്നത്. കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്റ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) ആണ് പരീക്ഷണം നടത്തി വിജയിച്ചത്.
പുതിയ രീതി ഇന്ത്യയിലെ മത്സ്യബന്ധനത്തെ ആഗോള പാരിസ്ഥിതിക നിലവാരവുമായി യോജിപ്പിക്കുകയും സമുദ്രോൽപന്ന കയറ്റുമതി വിപണിയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. എംപി രമേശൻ അഭിപ്രായപ്പെട്ടു.
മത്സ്യസമ്പത്തിനെയാകെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടണമെന്നും പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യന് മത്സ്യത്തൊഴിലാളി സംഘടനകൾ നിവേദനം നൽകിയതിന് പിന്നാലെയാണ് നൂതന രീതിയെക്കുറിച്ച് ആലോചന നടന്നത്.