തിരുവനന്തപുരം :സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിവസത്തെ പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. അതിനിടെ, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എറണാകുളം സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ പരീക്ഷ സെൻ്റർ സന്ദർശിച്ചു.
കുട്ടികളെല്ലാം വളരെ സന്തോഷത്തിലാണെന്നും എല്ലാം പക്കയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ട്രഷറിയിൽ നിന്നും എല്ലാ പരീക്ഷ സെന്‍ററുകളിലേക്കും രാവിലെ എട്ടര മണിയോടെ തന്നെ ചോദ്യ പേപ്പറുകൾ എത്തിച്ചു. ക്ലാസിൽ കുട്ടികളുടെ സാന്നിധ്യത്തിൽ ചോദ്യ പേപ്പറുകൾ പൊട്ടിച്ചു. രണ്ട് വിദ്യാർഥികളും അധ്യാപകരും ഒപ്പിട്ടാണ് ചോദ്യപേപ്പർ കുട്ടികൾക്ക് നൽകിയത്.
എല്ലാം കുറ്റമറ്റ നിലയിലാണ് നടക്കുന്നത്. ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് മേൽ വലിയ പരീക്ഷാസമ്മർദ്ദം സൃഷ്‌ടിക്കുന്ന സാഹചര്യമുണ്ട്. ഇതിന് മാറ്റം വരണമെന്നും, ഇതേ കുറിച്ച് പരിശോധിക്കുകയാണെനും മന്ത്രി പറഞ്ഞു.
സിദ്ധാർഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും. നിലവിലെ അന്വേഷണത്തിൽ തൃപ്‌തരാണെന്നാണ് കുടുംബം തന്നോട് പറഞ്ഞത്. സർക്കാർ അവരുടെ കൂടെയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സെൻ്റ് ആൻ്റണീസ് സ്‌കൂളിലെ കുട്ടികളോട് പരീക്ഷയെ കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരിൽ നിന്നും മന്ത്രി വിവരങ്ങൾ തേടി.