എറണാകുളം:പറക്കുന്ന മേശ, അപ്രത്യക്ഷമാകുന്ന ബോൾ, ശൂന്യതയിൽ നിന്ന് ഗിറ്റാർ, ഇതിനെല്ലാം പുറമേ ആകാശച്ചാട്ടം നടത്തി ഇന്ദ്രജാല വിദ്യയിൽ റെക്കോർഡ് സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് ഈ 21 കാരൻ. ജീവിതം പൂർണമായും മാജിക്കിന് വേണ്ടി ഉഴിഞ്ഞുവെച്ച് ആകാശത്തോളം സ്വപ്‌നം കാണുകയാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീറാം.
തന്‍റെ പേര് ലോകത്തിന്‍റെ ചരിത്ര പുസ്‌തകത്തിൽ കോറയിടാനും ലോകം അറിയപ്പെടുന്ന ഒരു പെർഫോമറായി മാറാനും ഇതിനോടകം ഈ 21 വയസുകാരൻ ദൃഢനിശ്ചയം എടുത്തു കഴിഞ്ഞു. ഒരു മിനിറ്റിൽ 25 ഓളം മാജിക്കുകളുമായി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ കയറിക്കഴിഞ്ഞു. ഇനി ലക്ഷ്യം ഗിന്നസ് ആണ്.
ഉയരെ പറക്കുന്ന വിമാനത്തിൽ നിന്ന് ആകാശ ചാട്ടം നടത്തി ഇന്ദ്രജാല വിദ്യ അവതരിപ്പിക്കണം എന്നതാണ് ശ്രീറാമിന്‍റെ അടുത്ത സ്വപ്‌നം. സ്കൈ ഡൈവ് ചെയ്‌തുകൊണ്ട് ഏറ്റവും അധികം ഇന്ദ്രജാല വിദ്യകൾ അവതരിപ്പിച്ച യുകെ സ്വദേശി മാർട്ടിൻ റീസിന്‍റെ റെക്കോർഡ് തകർക്കുക എന്നതാണ് ലക്ഷ്യം. കേൾക്കുമ്പോൾ കൗതുകവും നിസാരവും എന്ന് തോന്നുമെങ്കിലും വളരെ ചിലവേറിയ സംഗതിയാണത്.
ഓരോ സ്കൈ ഡൈവിനും 45,000 രൂപ വരെയാണ് ചിലവ്. ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി പത്തോ അതിലധികമോ തവണ പരിശീലനം നടത്തേണ്ടതുണ്ട്. അത്തരമൊരു റെക്കോർഡ് ഒരു ഇന്ത്യക്കാരന്‍റെ പേരിൽ എഴുതി ചേർത്തിട്ട് മാത്രമേ ശ്രീറാമന് വിശ്രമമുള്ളു.
മാജിക്ക് പാഷനാക്കി ശ്രീറാം:കുട്ടിക്കാലത്ത് തന്നെ മാജിക്കിനോട് കലശലായ അഭിനിവേശം ശ്രീറാമിനുണ്ടായിരുന്നു. അച്ഛൻ അരുൺകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് സബ് ഇൻസ്പെക്‌ടറായി ജോലി നോക്കുന്നു. അമ്മ മഞ്ജു സഹകരണ ബാങ്ക് മാനേജർ. മകനെ മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് വളർത്താതെ മകന്‍റെ ഇഷ്‌ടത്തിനനുസരിച്ച് അവന്‍റെ പാഷനെ പിന്തുടരാൻ പൂർണ പിന്തുണ നൽകിയ അവർ സമൂഹത്തിന് മാതൃകയാണ്.