തിരുവനന്തപുരം :കവിയുംനടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി (Sreekumaran Thampi against Kerala Sahitya Akademy). അക്കാദമിയില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. ഫേസ്‌ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടത്.
സര്‍ക്കാരിനായി കേരള ഗാനം എഴുതി വാങ്ങി തന്നെ അപമാനിക്കുകയായിരുന്നു എന്നും തന്‍റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി സെക്രട്ടറി സി പി അബൂബക്കറില്‍ നിന്നാണ് താന്‍ ദുരനുഭവം നേരിട്ടത് എന്നും വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം(Sreekumaran Thampi's Facebook post):കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്‌ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്‍റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു.
കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്‍റെ ഒരു പുസ്‌തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടുതന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്. (എന്തിന്? ഇപ്പോൾ നടന്ന പുസ്‌തകോത്സവത്തിനുപോലും എന്നെ ക്ഷണിച്ചിട്ടില്ല).
ശ്രീ. അബൂബക്കറും ശ്രീ. സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബക്കർ എന്നോട് ചോദിച്ചു. "താങ്കളല്ലാതെ മറ്റാര്?" എന്ന്. "ചെറിയ ക്ലാസിലെ കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്" എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്‌ചയ്ക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു.