ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ആറാട്ടിന്‍റെ നിറവിൽ കൊടിയിറങ്ങി. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.30 ന് ആറാട്ടുകലശം നടക്കും. ശംഖുമുഖത്ത് ശ്രീപത്മനാഭ സ്വാമിയുടെയും ഉപദേവന്മാരുടെയും വിഗ്രഹങ്ങൾ ആറാടി.
രാജഭരണകാലത്തെ ആചാരപ്പൊലിമയോടെയാണ് ആറാട്ട് ഘോഷയാത്ര ആരംഭിച്ചത്. ഗരുഡവാഹനത്തിൽ ശ്രീപത്മനാഭ സ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. സായുധ പൊലീസും കരസേനയുടെ മദ്രാസ് ബ്രിഗേഡും ആചാര ബഹുമതി നൽകി.
വേൽക്കാർ, കുന്തക്കാർ, വാളേന്തിയവർ, പട്ടമേന്തിയ ബാലന്മാർ, പൊലീസിന്‍റെ ബാൻഡ് സംഘം എന്നിവർ ഘോഷയാത്രയ്ക്ക് അകമ്പടി ചേർന്നു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര ശംഖുമുഖത്തെത്തിയത്. ക്ഷേത്രം തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്‍റെയും പെരിയ നമ്പി കെ രാജേന്ദ്ര അരിമണിത്തായ, പഞ്ചഗവ്യത്തുനമ്പി തളിയിൽ വാരിക്കാട് നാരായണൻ വിഷ്‌ണു എന്നിവരുടെയും നേതൃത്വത്തിൽ പൂജകൾക്ക് ശേഷം വിഗ്രഹങ്ങള്‍ മൂന്ന് തവണ ആറാടിച്ചു.
വിഗ്രഹങ്ങള്‍ രാത്രി 10 മണിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. തുടർന്ന് തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീബലിയും കൊടിയിറക്കും നടന്നു. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വിമാനത്താവളം അടച്ചിടുകയും സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്‌തിരുന്നു.
ALSO READ:വടക്കുംനാഥനെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് പരിസമാപ്‌തി