കണ്ണൂര്‍:പ്രകൃതി ഭംഗി കൊണ്ടും മനം മയക്കുന്ന കാലാവസ്ഥ കൊണ്ടും ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന കുടക് സഞ്ചാരികളെ മാടി വിളിക്കുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ സമ്പന്നമാണ്. അവിടെ പ്രകൃതി ഭംഗി ആസ്വദിച്ച് കോട മഞ്ഞിന്‍റെ കുളിരണിഞ്ഞ് കാഴ്‌ചകള്‍ കണ്ടു നടക്കുന്ന സഞ്ചാരികള്‍ രുചികരമായ ഭക്ഷണം തേടിയെത്തുന്ന ഒരു ഇടമുണ്ട് വീരാജ്‌പേട്ടയില്‍. സഞ്ചാരികള്‍ക്ക് മാത്രമല്ല, തദ്ദേശീയരായ കുടകര്‍ക്കും പ്രിയങ്കരമായ ഒരു രുചിയിടം.
പരമ്പരാഗത കണ്ണൂര്‍ രുചി തേടി കുടകര്‍ എത്തുന്ന മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടല്‍. ഇവിടെ കിട്ടുന്ന തേങ്ങയരച്ച മീന്‍ കറിയും വറുത്തരച്ച സാമ്പാറും മീന്‍ വറുത്തതും പച്ചടിയും അടങ്ങുന്ന ഉച്ചയൂണ് കുടകരുടെ വരെ മനസ് കീഴടക്കിയിരിക്കയാണ്. അതു കൊണ്ടുതന്നെ വീരാജ്‌പേട്ട-മടിക്കേരി റോഡിലെ ശ്രീകൃഷ്‌ണവിലാസ് ഹോട്ടലിനെ കുടകര്‍ വിളിക്കുന്നത് 'അമ്മ ഹോട്ടല്‍' എന്നാണ്.
കടുംപുട്ടും പന്നിക്കറിയും പാപ്പുട്ടുമൊക്കെ ഇഷ്‌ട വിഭവങ്ങളായ കുടകില്‍ ഈ ഹോട്ടല്‍ സ്ഥാനം പിടിച്ചിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. കണ്ണൂര്‍ താണ സ്വദേശി കുഞ്ഞിരാമനും ഭാര്യ പാര്‍വ്വതിയുമാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. അവരുടെ കാലശേഷം മകന്‍ എന്‍ കെ സുജിത്തും സുജിത്തിന്‍റെ മകന്‍ എന്‍ എസ് ദര്‍ശനുമാണ് കണ്ണൂര്‍ തനിമയോടെ കുടകര്‍ക്ക് സ്വാദിഷ്‌ടമായ വിഭവങ്ങള്‍ വിളമ്പുന്നത്.
കുടകര്‍ ഏറെയും മലയാളി രുചി തേടിയാണ് ഇവിടേക്കെത്തുന്നതെന്ന് ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ മനോജ് പറഞ്ഞു. 'ശ്രീകൃഷ്‌ണ വിലാസത്തില്‍ കയറി എന്തെങ്കിലും കഴിക്കുക എന്നത് കുടകര്‍ ഒരു ശീലമാക്കിയിരിക്കുന്നു. കേരള അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയായതുകൊണ്ട് മലയാളികളും മികച്ച ഭക്ഷണം തേടി എത്താറുണ്ട്. പിന്നെ കുടക് കാണാനെത്തുന്ന സഞ്ചാരികളും.'
പാരമ്പര്യമായി ലഭിച്ച നന്മയുള്ള ഹോട്ടല്‍ ഇന്ന് കുടകരുടെ ജനപ്രിയ ഭക്ഷണങ്ങളുടെ കലവറയാണ്. അവര്‍ കണ്ണൂര്‍ രുചിയുടെ ആരാധകരായി മാറിയിട്ട് കാലമേറെയായി. കുടകര്‍ക്ക് വേണ്ടി കുടക് വയലില്‍ വിളയുന്ന നെല്ലരി കൊണ്ടുള്ള ഊണ് ഇവിടെ ലഭ്യമാണ്. മലയാളികള്‍ക്കു വേണ്ടി പുഴുക്കലരി ഊണും ശ്രീകൃഷ്‌ണ വിലാസം ഹോട്ടലില്‍ ലഭ്യമാണ്.
കണ്ണൂര്‍ സ്റ്റൈലില്‍ മീന്‍ പൊരിച്ചതിനും തലശ്ശേരി ബിരിയാണിക്കുമാണ് കുടകകര്‍ ഇവിടെ പ്രധാനമായും എത്തുന്നത്. പരമ്പരാഗത വിറകടുപ്പില്‍ ചോറും മീനും സാമ്പാറുമൊക്കെ പാകം ചെയ്യുന്നു. ക്രൃത്രിമ നിറങ്ങളോ രാസ വസ്‌തുക്കളോ ചേര്‍ക്കാതെ വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് കുടകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.