കേരളം

kerala

ETV Bharat / state

സംസ്ഥാന എൻസിപിയിൽ ഭിന്നത രൂക്ഷം, മന്ത്രി സ്ഥാനത്തിനായി എകെ ശശീന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം - SPLIT IN NCP

സംസ്ഥാന എൻസിപിയിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ പടയൊരുക്കം നയിച്ച് തോമസ് കെ തോമസ് എംഎൽഎ. മന്ത്രി സ്ഥാനത്തിനായാണ് ഇരു നേതാക്കളും തമ്മിൽ പിടിവലി നടക്കുന്നത്. ആവശ്യം ഉന്നയിച്ച് തോമസ് കെ തോമസ് എംഎൽഎ നാളെ (സെപ്റ്റംബർ 6) ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തും.

സംസ്ഥാന എൻസിപി യിൽ ഭിന്നത രൂക്ഷം  എകെ ശശീന്ദ്രനെതിരെ പടയൊരുക്കം  SASEENDRAN VS THOMAS K THOMAS MLA  KERALA POLITICS NCP
State Forest Minister AK Saseendran, Thomas K Thomas MLA (ETV Bharat)

By ETV Bharat Kerala Team

Published : Sep 5, 2024, 12:58 PM IST

കോഴിക്കോട് : സംസ്ഥാന എൻസിപിയിൽ ഭിന്നത അതിരൂക്ഷമായി. രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. മന്ത്രി എകെ ശശീന്ദ്രനെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്‍റെ നേതൃത്വത്തിലാണ് പടയൊരുക്കം. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട്. ഇതിന് പിസി ചാക്കോയുടെ പിന്തുണയുമുണ്ടെന്നാണ് വിവരം.

അതേസമയം, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ എംഎല്‍എ സ്ഥാനവും രാജി വയ്‌ക്കുമെന്ന നിലപാടിലാണ് എകെ ശശീന്ദ്രൻ. ''എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്‍ററി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഇനിയുള്ള കാലം സംഘടനാ പ്രവർത്തനങ്ങളില്‍ സജീവമാകാനാണ ഉദ്ദേശം. രാജിവച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താൽപര്യമില്ല. രാജിയെന്നത് ഭീഷണിയുമല്ല. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കും'' -എകെ ശശീന്ദ്രൻ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട തോമസ് കെ തോമസ് എംഎൽഎ നാളെ (സെപ്റ്റംബർ 6) ശരദ് പവാറിനെ കാണും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എകെ ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. ഈ ആവശ്യം അന്ന് പാർട്ടി പരിഗണിച്ചില്ല.

അതോടെയാണ് രണ്ടര വര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധി മുന്നോട്ട് വച്ചത്. എന്നാൽ അതിനും എകെ ശശീന്ദ്രന്‍ തയ്യാറായില്ല. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ ചില മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഇടപെട്ട് തോമസ് കെ തോമസിനെയും പിസി ചാക്കോയേയും അനുനയത്തിലെത്തിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് നീക്കം കടുപ്പിച്ചത്.

ഭൂരിപക്ഷം ജില്ല അധ്യക്ഷന്മാരുടെ പിന്തുണ നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം. അതേ സമയം എൻസിപിയുടെ ദേശീയ നേതൃത്വത്തിലേക്ക് പോകുന്ന പി സി ചാക്കോയുടെ ഒഴിവിൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദവി എകെ ശശീന്ദ്രന് നൽകി അനുനയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

Also Read:പാളയത്തില്‍ പട, പിളര്‍പ്പ്, പുതിയ ചിഹ്നം; പ്രതിസന്ധികളെ പുല്ലുപോലെ നേരിട്ട 'പവര്‍ഫുൾ പവാര്‍'

ABOUT THE AUTHOR

...view details