എറണാകുളം:പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടി നൽകിയ പരാതിയിയിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അന്വേഷണം നടത്തി അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചതിനെതിരായ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പീഡന പരാതിയിൽ ഓഗസ്റ്റ് 26ന് എറണാകുളം നോർത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
2009ൽ പാലേരിമാണിക്യം സിനിമയുടെ ചർച്ചയ്ക്ക് വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ളാറ്റിൽ വച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. ആദ്യം കൈകളിൽ സ്‌പർശിക്കുകയും പിന്നീട് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ സ്‌പർശിക്കാൻ ശ്രമിച്ചപ്പോള്‍ നടി ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗാൾ സ്വദേശിയായ താൻ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സാഹചര്യത്തിലാണ് പരാതി നൽകുന്നതെന്നും ഇമെയിൽ വഴി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമെടുത്ത കേസുകളിൽ ആദ്യ കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായതോടെയായിരുന്നു രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചത്.
Also Read:ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പുതിയ കഥകള്‍ മെനയുന്നുവെന്ന് സിദ്ദിഖ്; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍