കേരളം

kerala

ETV Bharat / state

കര്‍ഷക പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്‌പീക്കർ - കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെ ഒരു കാലത്തും അവഗണിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്.

opposition walkout  farming crisis in kerala  പ്രതിപക്ഷ വാക്കൗട്ട്  കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി  കേരള നിയമസഭ
farmers crisis

By ETV Bharat Kerala Team

Published : Feb 14, 2024, 5:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. കുറുക്കോളി മൊയതീന്‍ , എല്‍ദോസ് കുന്നപ്പിള്ളി, മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, കെകെ രമ എന്നിവരാണ് അടിയന്തിര പ്രമേയ നോട്ടിസ് നല്‍കിയത് ( Speaker denied the urgent resolution of the opposition in farmers crisis).

കേരളത്തിലെ കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കടലാസില്‍ എഴുതി വെച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ക്ക് ഗുണം കിട്ടില്ലെന്നും കുറുക്കോളി മൊയ്‌തീന്‍ അടിയന്തിര പ്രമേയവതരണത്തില്‍ വിമര്‍ശിച്ചു. നാളികേര കര്‍ഷകരാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. 2014 ല്‍ നാളികേര സംഭരണം നിര്‍ത്തിയിട്ട് ആറര വര്‍ഷം കഴിഞ്ഞാണ് പുനസ്ഥാപിച്ചത്.

65 ലക്ഷം നാളികേര കര്‍ഷകര്‍ക്ക് സംഭരണത്തിന് അവസരം ലഭിച്ചത് മൂന്നിടത് മാത്രമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു കിലോ നാളികേരം 38 രൂപയിലേക്ക് ഉയര്‍ത്തി. കേരളത്തിലെ ഉത്പാദന രംഗത്തെ അധികരിച്ച് ചെലവ് സര്‍ക്കാര്‍ കാണുന്നില്ല. കാലോചിതമായി നാളികേരത്തിന്‍റെ വില 50 രൂപയായി വര്‍ധിപ്പിച്ച് നല്‍കണമെന്ന് പ്രതിപക്ഷ എംഎല്‍എയായ കുറുക്കോളി മൊയ്‌തീന്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ മന്ത്രിമാര്‍ക്കുള്‍പ്പെടെ പരിഹാസമാണെന്നും ഓഡി കാറുള്ള കര്‍ഷകനാണോ കേരളത്തിലെ സാധാരണ കര്‍ഷകന്‍റെ പ്രതീകമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ചര്‍ച്ചയ്ക്കിടെ ഭരണപക്ഷം ബഹളമുണ്ടാക്കുകയും സ്‌പീക്കര്‍ ഇടപ്പെട്ടു ചെയറിലേക്ക് നോക്കി സംസാരിക്കാനും പറഞ്ഞു.

കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും അടിസ്ഥാന വില നിശ്ചയിച്ച് സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നുവെന്നും അടിയന്തിര പ്രമേയ നോട്ടിസിന് മറുപടിയായി മന്ത്രി പി പ്രസാദ് പറഞ്ഞു. 6 ലക്ഷം ടണ്ണില്‍ നിന്നും 17 ലക്ഷം ടണ്ണിലേക്ക് കാര്‍ഷിക വിള ശേഖരണം ഉയര്‍ന്നു.

മന്‍മോഹന്‍ സിങിന്‍റെ കാലത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കരുതേയെന്നും ആസിയാന്‍ കരാര്‍ നിങ്ങളുടെ കുട്ടിയാണെന്നും കര്‍ഷകരോട് അവഗണന തുടരുന്ന കേന്ദ്രത്തിനെതിരെയല്ലേ ഒന്നിച്ച് നിന്ന് പോരാടേണ്ടതെന്നും മന്ത്രി ചോദിച്ചു. എവിടെ നാളികേര സംഭരണ കേന്ദ്രം ആവശ്യമുണ്ടെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാണിച്ചാലും 24 മണിക്കൂറിനുള്ളില്‍ സ്ഥാപിക്കും.

14 ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസുകളുണ്ടായിരുന്ന കാലം മറക്കരുത്. 34 രൂപയ്ക്ക് നാളികേരം സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. 1979 ന് ശേഷം കാര്‍ഷിക മേഖലക്ക് വലിയ ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ് കേര. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും നടുവിലും കാര്‍ഷിക മേഖലക്ക് സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ സര്‍ക്കാരായിരുന്നു മന്‍മോഹന്‍സിങിന്‍റെതെന്നും അതാണോ നിങ്ങള്‍ ഓര്‍മ്മിപ്പിക്കരുതെന്ന് പറയുന്നതെന്നും വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകത്ത് ഒരു സര്‍ക്കാരും കര്‍ഷകരുടെ കടം ഇതു പോലെ എഴുതിത്തള്ളിയിട്ടില്ല. ആ സര്‍ക്കാരിനെ കുറിച്ചാണ് ഓര്‍മ്മിപ്പിക്കരുതെന്നെ കേരളത്തിലെ കൃഷിമന്ത്രി പറയുന്നത്.

നിങ്ങള്‍ അതെല്ലാം ഓര്‍ക്കണം. നിങ്ങള്‍ ഒന്നും ഓര്‍ക്കാതെ പോകരുത്. കാര്‍ഷിക കടം എഴുതിത്തള്ളിയ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ കുറിച്ച് ഓര്‍ക്കാതെ കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഇല്ലാതാക്കിയ പിണറായി സര്‍ക്കാരിനെ കുറിച്ചാണോ ഓര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details