കോട്ടയം:ബ്രിട്ടൻ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് കോട്ടയം കൈപ്പുഴ സ്വദേശി. സോജൻ ജോസഫ്. പതിറ്റാണ്ടുകളായി കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോർഡിൽ അട്ടിമറി ജയമാണ് ലേബർ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച സോജന് ലഭിച്ചത്. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്‍റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്കാണ് സോജൻ ജോസഫ് വിരാമമിട്ടത്.
ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എംപി എന്ന നേട്ടം ഇനി സോജന് സ്വന്തം. കൂടാതെ ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി കൂടിയാണ് സോജൻ ജോസഫ്. പ്രീപോൾ സർവേകൾ അടക്കം സോജൻ്റെ വിജയം പ്രചവചിച്ചിരുന്നു.
ലേബർ പാർട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് സോജൻ ജോസഫ്. തെരേസ മേയ് മന്ത്രിസഭയിൽ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിർന്ന ടോറി നേതാവ് ഡാമിയൻ ഗ്രീനെയാണ് സോജൻ തോൽപ്പിച്ചത്. 1997 മുതൽ തുടർച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയൻ ഗ്രീന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.
എന്നാൽ ഇത്തവണ 1779 വോട്ടിനാണ് കൺസർവേറ്റിങ് പാർട്ടിയുടെ സിറ്റിങ് സീറ്റ് ഡാമിയൻ ഗ്രീനിൽ നിന്ന് സോജൻ പിടിച്ചെടുത്തത്. അതേസമയം, സോജന്‍റെ വിജയത്തിന് പിന്നാലെ കോട്ടയം കൈപ്പുഴയിലെ വീട്ടിലേക്ക് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. പഠിത്തത്തിലും കലാപരമായും മുൻപന്തിയിലായിരുന്നു സോജൻ എന്ന് അദ്ദേഹത്തിന്‍റെ പിതാവ് ചാമക്കാലയിൽ ജോസഫ് പറഞ്ഞു.