കാസർകോട്:നാലു ചുവരുകൾക്കുള്ളിൽ നിന്നും ചിലർ വിദൂരതയിലേക്ക് നോക്കുന്നുണ്ട്... ഒരുനാൾ ഇതിന് പുറത്ത് കടക്കണം. തന്‍റെ കുടുംബത്തിന്‍റെ കൂടെ എത്തണമെന്നൊക്കെ ചിന്തിക്കുകയായിരിക്കണം അവർ. മഞ്ചേശ്വരത്തെ സ്നേഹാലയയിൽ എത്തിയാൽ ഇങ്ങനെ നിരവധി മുഖങ്ങൾ കാണാം. മാനസികനില തകർന്നവരാണ് അതിൽ ഭൂരിപക്ഷവും.
'രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെ ചികിത്സയ്ക്ക് ശേഷം അവരുടെ വീടുകളിലേക്ക് വീണ്ടും ഒന്നിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് അവരുടെ ആ ഒരു സന്തോഷം എത്ര പറഞ്ഞാലും മതിയാകില്ല. പതിനഞ്ചു വർഷങ്ങൾക്കിടയി 1300 ലധികം പേരെ കുടുംബങ്ങളിലേക്ക് എത്തിച്ചു. 350-ലധികം ആളുകൾ ഈ കേന്ദ്രത്തിൽ ഇപ്പോൾ താമസിക്കുന്നു. പലരും ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നു.' സ്‌നേഹാലയ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ സ്ഥാപകനായ ജോസഫ് ക്രാസ്‌റ്റ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആത്മ സംതൃപ്‌തി അദ്ദേഹത്തിന്‍റെ മുഖത്ത് തെളിയും.
'സ്‌നേഹാലയ' തണലില്‍ നിരവധി പേര്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുൻപ് തമിഴ് നാട്ടിൽ നിന്നും ഒരാൾ എത്തി. അവരുടെ കുഞ്ഞിന് രണ്ടു വയസുള്ളപ്പോൾ മാനസിക പ്രശ്‌നം കാരണം വീട് വിട്ടതാണ്. 20 വർഷത്തിന് ശേഷം അവരുടെ വീട്ടിലേക്ക് നമ്മൾ കത്ത് അയച്ചു. ആളെ തിരിച്ചറിഞ്ഞത്തോടെ രണ്ടു ദിവസം കൊണ്ട് ആ മകൻ ഇവിടെ എത്തി. ആ സമയത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണെന്ന് ജോസഫ് ക്രാസ്‌റ്റ പറഞ്ഞു.
മാനസിക നില തകർന്ന് തെരുവിലേക്ക് എത്തിയവരെ ചികിത്സിച്ച് വീണ്ടും കുടുംബങ്ങളിലേക്ക് എത്തിക്കുന്ന മഹത്തായ സേവനമാണ് ഇവിടെ നടക്കുന്നത്. ഇതിൽ സ്‌ത്രീകളും പുരുഷന്മാരുമുണ്ട്. യുവതികളും യുവാക്കളുമുണ്ട്. ഭൂരിഭാഗവും മറ്റ് സംസ്ഥാനക്കാർ. തമിഴ്‌നാട്, ബംഗാള്‍ ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള 1300ലധികം ആളുകളെ അവരുടെ കുടുംബങ്ങളുമായി കൂട്ടിച്ചേർത്ത് വേറിട്ട മാതൃക സൃഷ്‌ടിക്കുകയാണ്
മഞ്ചേശ്വരത്തെ മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രമായ സ്നേഹാലയ.
തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെയും നിരാലംബരെയും രക്ഷിക്കുകയും അവർക്ക് ചികിത്സ നൽകുകയും അതിനുപുറമെ ചികിത്സിച്ച് കുടുംബത്തിന്‍റെ കൂടെ അയച്ചാലും മൂന്ന് വർഷത്തേക്ക് ഇവരുടെ ജീവിതം നിരീക്ഷിക്കും. അവർ പൂർണമായും പുനഃസ്ഥാപിക്കപ്പെടുകയും അവരുടെ കുടുംബങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു എന്ന് ബോധ്യമായാൽ മാത്രമേ സേവനം നിർത്തുകയുള്ളു.
കഴിഞ്ഞ 15 വർഷമായി തെരുവിൽ കഴിയുന്ന മാനസിക രോഗികളെ സഹായിച്ച് അവർക്ക് ചികിത്സയും ഏറ്റെടുക്കുകയാണ് സ്നേഹലായ. മഞ്ചേശ്വരത്തെ പാവൂർ ബാച്ചളിഗെ എന്ന സ്ഥലത്ത് പ്രവർത്തിച്ചു വരുന്ന സ്നേഹാലയ ആയിരക്കണക്കിന് മാനസിക രോഗികളുടെയും അശരണരുടെയും ആശ്രയമാണ്. കൂടാതെ മംഗളൂരു വെൻലോക്ക് ഹോപിറ്റലിൽ പ്രതിദിനം 700 പേര്‍ക്ക് ഉച്ചഭക്ഷണവും നൽകിവരുന്നു.
തുടക്കം ഒരു ഭക്ഷണപൊതിയിൽ നിന്ന് :മംഗളൂരുവിലെ ഒരു മത്സ്യമാർക്കറ്റിന് സമീപം, വിശപ്പ് കാരണം മീൻകൊട്ടയിലെ മലിനജലം കുടിക്കുന്ന ഒരു സ്‌ത്രീയെ കണ്ടുമുട്ടിയതാണ് ജോസഫ് ക്രാസ്‌റ്റയെ വേദനിപ്പിച്ചത്. അന്ന് ഓട്ടോ ഡ്രൈവർ ആയിരുന്നു ജോസഫ്. ആ കാഴ്‌ച കണ്ട് അയാൾ അവർക്ക് ഭക്ഷണം വാങ്ങി കൊടുത്തു. സമാന സാഹചര്യങ്ങളിലുള്ള വ്യക്തികൾക്ക് പരിചരണം ലഭിക്കുന്നതിനും സുരക്ഷിതമായ താമസസ്ഥലം സ്ഥാപിക്കുന്നതിനും ഈ അനുഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ ആണ് സ്നേഹാലയുടെ തുടക്കം.
മികച്ച ഭക്ഷണം :ചികിത്സയിലുള്ള ആളുകൾക്ക് മികച്ച ചികിത്സയും സൗകര്യങ്ങളും ഭക്ഷണവും ഇവിടെ ലഭിക്കും. അതിനായി മികച്ച കിച്ചൻ ഒരുക്കിയിട്ടുണ്ട്. പപ്‌സും കേക്കും എല്ലാം ഇവിടെ നിർമിച്ചാണ് വിതരണം ചെയ്യുന്നത്. രോഗികൾക്ക് നല്ല ഭക്ഷണം വിളമ്പണം എന്നത് ഇവരുടെ പ്രതിജ്ഞയാണ്. അത് തുടർന്നു വരുന്നു.
രണ്ടായിരത്തിലധികം പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തിയത്. ഈ വർഷം ഇതുവരെ 100 പേർ സ്നേഹാലയ ചികിത്സയിൽ ചേർന്നു. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് സൗജന്യമായി ചികിത്സ നൽകുന്നതിന് പുറമെ ഉപേക്ഷിക്കപ്പെട്ട മുതിർന്ന പൗരന്മാരെയും ഇവർ പരിചരിക്കുന്നു.
ഫ്ലോർ മാറ്റുകൾ, പൂക്കൾ, കമ്മലുകൾ എന്നിവ നിർമിക്കുന്നത് പോലെയുള്ള നിരവധി കരകൗശല വസ്‌തുക്കൾ ഇവർ ഇവിടെ ചെയ്യുന്നുണ്ട്. ഇത് അവരുടെ ആത്മാഭിമാനം വർധിപ്പിക്കാനും അവർക്ക് തങ്ങളാണെന്ന തോന്നൽ നൽകാനും സഹായിച്ചതായി സ്നേഹാലയ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ അഡ്‌മിനിസ്ട്രേറ്റർ സരിത ക്രാസ്‌റ്റ പറഞ്ഞു.
പുതിയ ഡി അഡിക്ഷൻ സെൻ്റർ : ലഹരിക്ക് അടിമയായി ഒരു യുവാവ് സ്നേഹാലയത്തിൽ എത്തി. മാനസികമായി തളർന്ന അവനെ പരിചരിച്ചു. അപ്പോഴാണ് ഡി അഡിക്ഷൻ സെൻ്റർ എന്ന ആശയം ഉണ്ടായത്.
ഇതിന്‍റെ ഭാഗമായി മഞ്ചേശ്വരത്ത് പുതിയ ഡി അഡിക്ഷൻ സെൻ്റർ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് സ്നേഹാലയമെന്ന് ജോസഫ് ക്രാസ്‌റ്റ പറഞ്ഞു.
Also Read: ഉറക്കകുറവ് നിങ്ങളെ മാനസിക രോഗിയാക്കാം! അറിയേണ്ടതെല്ലാം