തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിന് ഇരയായ ശേഷം ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ജയപ്രകാശും ബന്ധുകളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛനും ബന്ധുക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഇന്ന് ഉച്ചയ്‌ക്ക് മുന്‍പ് സിദ്ധാര്‍ഥിന്‍റെ പിതാവ് മുഖ്യമന്ത്രിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെയും സമരം. ഇതിനിടെയാണ് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വി സി, കോളജിലെ ഡീന്‍, അസിസ്‌റ്റന്‍റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
സംഭവത്തില്‍ കോളജിലെ ആന്‍റി റാഗിങ് സെല്ലും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ മാത്രം സംഭവത്തില്‍ അന്വേഷണം നടത്തിയാല്‍ മതിയാകില്ലെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. സമഗ്രമായ അന്വേഷണത്തിന് സിബിഐ വേണമെന്ന ആദ്യം മുതല്‍ക്കുള്ള നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് സിദ്ധാര്‍ഥിന്‍റെ കുടുംബം.
സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി :പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി. ദിവസങ്ങളോളം മർദനത്തിനിരയായ സിദ്ധാർഥിന്‍റെ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.