എറണാകുളം:പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വിശദവാദത്തിനു ശേഷം വിധി പറയാനായി മാറ്റി. കേസ് ഡയറി ഹാജരാക്കാൻ സിബിഐയ്ക്ക് ജസ്‌റ്റിസ് സി എസ് ഡയസിൻ്റെ ബെഞ്ച് നിർദ്ദേശം നൽകി.
സിദ്ധാർത്ഥൻ്റെ അമ്മയെ ഹൈക്കോടതി നേരത്തെ ജാമ്യ ഹർജിയിൽ കക്ഷി ചേർത്തിരുന്നു. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്‌തമാണെന്നതിനാൽ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളണമെന്നായിരുന്നു സിദ്ധാർത്ഥൻ്റെ അമ്മയുടെ ആവശ്യം.
പ്രതികൾക്ക് ജാമ്യം ലഭിക്കരുതെന്നാണ് കുടുംബത്തിൻ്റെ ആഗ്രഹമെന്ന് ഹൈക്കോടതിയിൽ വാദം കേൾക്കാനെത്തിയ സിദ്ധാർത്ഥൻ്റെ അച്‌ഛൻ പ്രതികരിച്ചു. സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും, പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും വാദത്തിനിടെ സി ബി ഐ കോടതിയെ അറിയിച്ചു.