ഹസ്സൻ നസ്രള്ളയുടെ മരണവുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഹിസ്ബുള്ള തന്നെ തങ്ങളുടെ നേതാവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവും സ്ഥാപകരിലൊരാളുമായ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് ശനിയാഴ്‌ച സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി സംഘടനയെ നയിച്ച നേതാവ് ഇല്ലാതാകുന്നതിലൂടെ ഹിസ്ബുള്ളയുടെ നിലനിൽപ് തന്നെയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
1960-ൽ ഒരു പച്ചക്കറി കടക്കാരന്‍റെ മകനായി ജനിച്ച ഹസ്സൻ നസ്രള്ള ബെയ്‌റൂട്ടിലെ കിഴക്കൻ ബൂർജ് ഹമ്മൂദിലാണ് വളർന്നത്. മൂന്ന് വർഷക്കാലം ഇറാഖിലെ നജാഫിൽ മത ശാസ്ത്രം പഠിച്ചു. 1978 ൽ സദ്ദാം ഹുസൈൻ ഷിയാ പ്രവർത്തകരെ അടിച്ചമർത്തിയതോടെ മതപഠനം അവസാനിച്ചു. പിന്നീട് ഇറാഖിൽ വെച്ചാണ് ഹസ്സൻ നസ്രള്ള തൻ്റെ രാഷ്ട്രീയ ഉപദേഷ്‌ടാവ് കൂടിയായി മാറിയ അബ്ബാസ് അൽ മുസാവിയെ കാണുന്നത്.
ഹിസ്ബുള്ളയുടെ തലപ്പത്തേക്ക്
പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ (പിഎൽഒ) ആക്രമണത്തെത്തുടർന്ന് ലെബനനിൽ നടന്ന ഇസ്രായേൽ അധിനിവേശത്തെ ചെറുക്കുന്നതിനായാണ് 1982 ജൂണിൽ തീവ്ര ഷിയ ഇസ്ലാമിസ്‌റ്റ് പ്രസ്ഥാനമായ ഹിസ്ബുള്ള രൂപീകരിക്കപ്പെടുന്നത്. സംഘടനാ നേതാവായിരുന്ന അബ്ബാസ് അൽ മുസാവി ഇസ്രായേൽ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്തോടെ നസ്രള്ള നേതാവായി. 1992 ൽ ഹിസ്ബുള്ളയുടെ തലപ്പത്തെത്തുമ്പോൾ നസ്രള്ളക്ക് 32 വയസായിരുന്നു.
മുസാവിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുക എന്നതായിരുന്നു നസ്രള്ളയുടെ ആദ്യ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണത്തിന് ഉത്തരവിട്ടു. ഈ ആക്രമണത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. തുർക്കിയിലെ ഇസ്രായേൽ എംബസിയിലെ ഒരു ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥനും നസ്രള്ളയുടെ നേതൃത്വത്തിൽ നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലെ ഇസ്രായേൽ എംബസിയിൽ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടർച്ചയായ ആക്രമണങ്ങളിലൂടെ, ലെബനൻ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരോട് പോരാടാൻ സ്ഥാപിതമായ ഒരു മിലിഷ്യയിൽ നിന്ന്, ലെബനീസ് രാഷ്ട്രീയത്തിലെ ഒരു പവർ ബ്രേക്കറായി ഹിസ്ബുള്ളയെ ഉയർത്താൻ നസ്രള്ളക്കായി. ലെബനൻ സൈന്യത്തേക്കാൾ വലിയ ശക്തികേന്ദ്രമായി വളർന്ന ഹിസ്ബുള്ള ഇറാന്‍റെ വളർച്ചയിലും വലിയ പങ്ക് വഹിച്ചു.
ഇസ്രായേലിനെ "സയണിസ്‌റ്റ് എൻ്റിറ്റി" എന്ന വിശേഷിപ്പിച്ച നസ്രള്ള ജറുസലേമിൻ്റെ 'വിമോചനത്തിന്' ആഹ്വാനം ചെയ്‌തു. പയറ്റി തെളിഞ്ഞ സൈനിക രാഷ്ട്രീയ നേതാവായ നസ്രള്ളക്ക് ലെബനൻ്റെ അതിർത്തികൾക്കപ്പുറത്തേക്ക് ഹിസ്ബുള്ളയുടെ സ്വാധീനം വ്യാപിപ്പിക്കാനായി. രാജ്യത്തിന് പുറത്ത് ഒരു മിലിഷ്യയെപ്പോലെയാണ് ഹിസ്ബുള്ള പ്രവർത്തിച്ചത്. ഇറാന്‍റെ സഹായത്തോടെ ഹിസ്ബുള്ളക്കുള്ളിൽ ഉയർന്നുവന്ന വെല്ലുവിളികളെയും നസ്രള്ള പരാജയപ്പെടുത്തി. 1997-ൽ ഹിസ്ബുള്ളയിലെ മുൻ നേതാവ് ഷെയ്ഖ് സുബ്ഹി തുഫൈലി നസ്രള്ളയ്‌ക്കെതിരെ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയെങ്കിലും ഫലം കണ്ടില്ല.
സിറിയൻ ആഭ്യന്തരയുദ്ധത്തിലെ പങ്ക്
പക്ഷേ സംഘടനയ്ക്കകത്ത് വിഭാഗീയതയിലേക്ക് നയിച്ച നീക്കമായിരുന്നു സിറിയൻ ആഭ്യന്തരയുദ്ധത്തിലെ ഹിസ്ബുള്ളയുടെ പങ്ക്. സിറിയന്‍ പ്രസിഡൻ്റ് ബാഷർ അൽ അസാദിന്‍റെ കാലത്ത് രാജ്യത്തെ ഒരു കലാപം അടിച്ചമർത്താൻ ഹിസ്ബുള്ള 'പോരാളി'കളെ അയച്ചതിലൂടെ ലെബനീസ് സുന്നി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി. ഹിസ്ബുള്ള, രാജ്യത്തെ സിറിയയുടെ ആഭ്യന്തര യുദ്ധത്തിലേക്ക് വലിച്ചിഴച്ചതായി ഇവർ ആരോപിച്ചു.
മിഡിൽ ഈസ്‌റ്റിലെ 'ഹീറോ' പരിവേഷത്തിലേക്ക്
നസ്രള്ളയുടെ നേതൃത്വത്തിൽ, പലസ്‌തീൻ സായുധ ഗ്രൂപ്പായ ഹമാസിൽ നിന്നുള്ളവർക്കും ഇറാഖിലെയും യെമനിലെയും മിലിഷ്യകളിൽ നിന്നുള്ളവർക്കും ഹിസ്ബുള്ള പരിശീലനം നൽകി. ഇസ്രായേലുമായുള്ള യുദ്ധങ്ങളും 2006 ലെ ലെബനനിൽ നിന്നുള്ള ഇസ്രായേൽ പിൻവാങ്ങലും നസ്രള്ളക്ക് മിഡിൽ ഈസ്‌റ്റിലുടനീളം വീര പരിവേശം നേടിക്കൊടുത്തു. 2000-ൽ തെക്കൻ ലെബനനിൽ ഇസ്രായേലിൻ്റെ 30 വർഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിൽ ഹിസ്ബുള്ള പ്രധാന പങ്ക് വഹിച്ചിരുന്നു. 2006-ൽ ഇസ്രയേലിനെതിരെ 34 ദിവസം നീണ്ട യുദ്ധത്തിൽ ഹിസ്ബുള്ള വിജയം കണ്ടതോടെ ഇസ്രായേലിനോട് പരാജയം മാത്രം കണ്ടു വളർന്ന സാധാരണ അറബികളുടെ ആദരവ് നസ്രള്ളയ്ക്ക് നേടിയെടുക്കാനായി.
മുൻപ് നടന്ന വധശ്രമങ്ങൾ
2006 ഏപ്രിലിൽ, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വേനൽക്കാല യുദ്ധത്തിന് മൂന്ന് മാസം മുമ്പ് ദേശീയ അനുരഞ്ജന ചർച്ചകളിലേക്കുള്ള യാത്രാമധ്യേ നസ്രള്ളയെ വധിക്കാൻ 12 പേർ പദ്ധതിയിട്ടതായി ലെബനീസ് പത്രമായ അസ് സഫീർ റിപ്പോർട്ട് ചെയ്‌തിരുന്നു. 2006 ജൂലൈ 15 ന്, ലെബനീസ് തലസ്ഥാനത്തെ നസ്രള്ളയുടെ വീടിനും ഓഫീസിനും നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. 2006 ലെ രണ്ടാം ലെബനൻ യുദ്ധത്തിലും ഹസൻ നസ്രള്ളയെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചതായി ഡാൻ ഹാലുട്ട്സ് വെളിപ്പെടുത്തി. 2008-ൽ ഹസൻ നസ്രള്ളയെ ഇറാനിയൻ ഡോക്‌ടർമാർ തന്നെ വിഷം കൊടുക്കാൻ ശ്രമിച്ചുവെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
എന്തായാലും നസ്രള്ളയുടെ മരണത്തോടെ ഇസ്രയേലിന്‍റെ മുന്നിൽ ഇല്ലാതാകുന്നത് അധിനിവേശങ്ങൾക്ക് മുന്നിലെ വലിയൊരു പ്രതിരോധശക്തിയാണ്.