കാസർകോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ നവംബർ 25 ന് മുഴങ്ങി കേൾക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. "റോഷൻ, ബാബു, ഷിബുലാലേ, രാജീവൻ, മധു അഞ്ചാളും, ഇല്ല മറക്കില്ലൊരുനാളും". ഇനി ഈ അഞ്ചുപേർക്കൊപ്പം പുഷ്‌പനെയും എഴുതി ചേർക്കും. ഇത്രയും കാലം പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് അറിയപ്പെട്ട പുഷ്‌പൻ ഇനി കമ്മ്യൂണിസ്‌റ്റുകാർക്കിടയിൽ കൂത്തുപറമ്പ് രക്തസാക്ഷിയായി ഓർമിക്കപ്പെടും.
ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു പുഷ്‌പന്‍റെ ജീവിതം. അസുഖ ബാധിതനായ ഓരോ തവണയും മരണമുഖത്തു നിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. എന്നാൽ മൂന്നു പതിറ്റാണ്ടിന് ശേഷം മരണത്തിനു കീഴടങ്ങി.
കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് വെടിയേൽക്കുമ്പോൾ പുഷ്‌പന് പ്രായം 24 ആയിരുന്നു. പൊലീസിന്‍റെ തീയുണ്ട സുഷുമ്‌നനാഡി തകര്‍ത്തു. അന്ന് മുതൽ കിടപ്പിലായതാണ് പുഷ്‌പന്‍. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുഷ്‌പനെക്കാൾ വലിയ വൈകാരിക പ്രതീകമില്ല.
കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്‌പന് എട്ടാം ക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബെംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അവധിക്കു നാട്ടിലെത്തിയപ്പോൾ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്‍റെ നടുവിലായിരുന്നു സംഘടന. മേനപ്രം ഭാഗത്തുള്ള സഖാക്കൾക്കൊപ്പം ജീപ്പിലായിരുന്നു കൂത്തുപറമ്പിലേക്കുള്ള പുഷ്‌പന്‍റെ യാത്ര. അമ്മ ലക്ഷ്‌മിയുണ്ടാക്കിക്കൊടുത്ത കപ്പയും കഴിച്ചാണ് ഇറങ്ങിയത്.
അവിടെയെത്തുമ്പോൾ എം.വി ജയരാജൻ, എം.സുരേന്ദ്രൻ, കെ.ധനഞ്ജയൻ തുടങ്ങിയവരെല്ലാം സമരത്തിന്‍റെ മുൻപന്തിയിലുണ്ടായിരുന്നു. പെട്ടെന്നാണ് പൊലീസ് ലാത്തിച്ചാർജിലേക്കും വെടിവെപ്പിലേക്കും കടന്നത്. അതിന്‍റെ ഒത്ത നടുവിലേക്കു പുഷ്‌പന്‍ എടുത്തുചാടുകയായിരുന്നു. തന്‍റെ മുൻപിൽ വെടിയേറ്റു വീണ കെ.കെ രാജീവനെ താങ്ങിപ്പിടിക്കാൻ ചാടിയതായിരുന്നു പുഷ്‌പൻ. ഇതിനിടെ പുഷ്‌പന്‍റെ കഴുത്തിനു പിന്നിൽ വെടിയേറ്റു.
കടന്നുപോയ മുപ്പത് വർഷം പുഷ്‌പന്‍ നയിച്ചത് മരുന്നിന്‍റേയും ചോരയുടേയും മാത്രം മണമുള്ള ജീവിതം ആയിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, തന്‍റെ കണ്‍മുന്നിൽ ചോരയിൽ കുളിച്ച ആ അഞ്ച് മനുഷ്യരൂപങ്ങളുണ്ടായിരുന്നുവെന്ന് പുഷ്‌പൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.
'പുഷ്‌പനെ അറിയാമോ, ഞങ്ങളെ പുഷ്‌പനെ അറിയാമോ, സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ' എന്ന വിപ്ലവ ഗാനം സി.പി.എം പരിപാടികളെല്ലാം ഇന്നും നിറഞ്ഞുനിൽക്കാറുണ്ട്. ഇനിയും നേർത്തൊരു നൊമ്പരമായി പുഷ്‌പന്‍ എല്ലാവരുടെയും മനസിൽ നിറഞ്ഞുനിൽക്കും.
Also Read:സഹനസൂര്യന്‍ അസ്‌തമിച്ചു; ഓര്‍മയായി പുഷ്‌പൻ, വീണ് പോയിട്ടും മങ്ങാത്ത വെളിച്ചം