ഇടുക്കി : ഇടുക്കി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ കാരണം കാണിക്കൽ നോട്ടിസ്. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിദഗ്‌ധ സമിതി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പോരായ്‌മകളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയെന്ന് മെഡിക്കൽ കമ്മിഷൻ ഹിയറിങ്ങിൽ അറിയിക്കാനാണ് കോളജ് അധികൃതരുടെ തീരുമാനം.
അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിന് വേണ്ടി ഇടുക്കി മെഡിക്കൽ കോളജിലുള്ള സൗകര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും പരീക്ഷകളുടെ വീഡിയോയും ദേശീയ മെഡിക്കൽ കൗൺസിലിന് സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച സമിതിയാണ് അപാകതകൾ കണ്ടെത്തിയത്. 20 ഡിപ്പാർട്മെന്‍റുകളിലും ആവശ്യത്തിന് ഫാക്കൽറ്റികളും സീനിയർ റസിഡന്‍റുമാരും ട്യൂട്ടർമാരും ഇല്ലെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
ആശുപത്രിയിൽ കിടക്കകൾ കുറവാണെന്നും മേജർ ശസ്ത്രക്രിയകൾ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നു. കണ്ണ്, ഇഎൻടി വിഭാഗങ്ങളിലെ കുറവുകളും എക്‌സ് റേ, അൾട്രാസൗണ്ട്, സിടി സ്‌കാൻ, എംആർഐ സ്‌കാൻ എന്നിവയിലെ പോരായ്‌മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ശരിയാണെന്നാണ് വിദ്യാർഥികളും പറയുന്നത്.
ലക്‌ചര്‍ ഹാളില്ലാത്തതിനാൽ പരിമിത സൗകര്യത്തിൽ തിങ്ങി ഞെരുങ്ങിയിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. അതേ സമയം വാർഷിക റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കോളജ് അധികൃതകരുടെ വിശദീകരണം. നോട്ടിസിനുള്ള മറുപടി തൃപ്‌തികരമല്ലെങ്കിൽ സീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും നോട്ടിസിലുണ്ട്.
Also Read:പഠിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ല; ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സമരത്തിൽ