കാസർകോട് തീരങ്ങളിൽ ചെമ്മീൻ ചാകര (ETV Bharat) കാസർകോട് :നൂറു രൂപ എടുത്ത് വന്നാൽ സഞ്ചി നിറയെ മീനുമായി മടങ്ങാം. കാസർകോട്ടെ കടലോരത്ത് ഇത് ചെമ്മീൻ ചാകരയുടെ കാലമാണ്. ചെറുവത്തൂർ, കാസർകോട്, മഞ്ചേശ്വരം മീൻപിടിത്ത തുറമുഖങ്ങളിൽ എല്ലാം ചെമ്മീൻ ചാകരയാണ്. കാസർകോടിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് മീൻകച്ചവടക്കാരും മീൻപിടിത്ത തൊഴിലാളികളും പറയുന്നു.
രണ്ടാഴ്‌ചയ്ക്കിടയിൽ 10,000 ടൺ ചെമ്മീൻ ആണ് പിടിച്ചത് . ഇതിലൂടെ കാസർകോട്ടെ മീൻപിടിത്ത തൊഴിലാളികൾ, കടച്ചവടക്കാർ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൈകളിലെത്തിയത് 120 കോടി രൂപ. ട്രോളിങ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽപ്പോയ വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും നിറയെ മീനുമായാണ് തിരിച്ചെത്തിയത്.
2000 മുതൽ 8000 കിലോ ചെമ്മീനുമായിട്ടാണ് മിക്ക യാനങ്ങളുടെയും മടക്കം. ദിവസം മൂന്നുതവണ കടലിൽ പോയ തൊഴിലാളികളുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വള്ളവും വലയും നിറയെ മീൻകിട്ടാൻ തുടങ്ങിയതോടെ തീരദേശം ആഹ്ലാദത്തിലാണ്. സാധാരണ ചാകര മൂന്നോ നാലോ ദിവസം മാത്രമാണ് പതിവ്. ഇത്തവണ ട്രോളിങ് നിരോധനം പിൻവലിക്കുന്നതിന് ഒരാഴ്‌ച മുൻപ് ചാകര തുടങ്ങിയെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു.
പക്ഷെ കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചെമ്മീൻ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത് വില കുത്തനെ കുറയാൻ ഇടയായിട്ടുണ്ട് . ഇത് മത്സ്യതൊഴിലാളികളെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ചെമ്മീനൊപ്പം ഇപ്പോൾ ചെറുതായി മത്തിയും അയലയും വന്നുതുടങ്ങി. 500ഓളം വള്ളങ്ങളും 100ഓളം യന്ത്രവത്കൃത ബോട്ടുകളുമാണ് ജില്ലയിലെ ചെറുവത്തൂർ, മടക്കര, കാസർകോട്, മഞ്ചേശ്വരം തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കടലിൽ പോകുന്നത്.
Also Read : ട്രോളിങ് നിരോധനം കഴിഞ്ഞപ്പോള്‍ ചെമ്മീൻ ചാകര, എന്നിട്ടും തീരമേഖലയില്‍ ആശങ്കയൊഴിയുന്നില്ല - Trawling Ban Ends