കോഴിക്കോട് :അര്‍ജുന്‍റെ മൃതദേഹ ഭാഗം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. നാളെ മൃതദേഹ ഭാഗങ്ങള്‍ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൃതദേഹം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എംഎൽഎയാണ് വിവരം കുടുംബത്തെ അറിയിച്ചത്.
മൃതദേഹ ഭാഗം നിലവില്‍ കാര്‍വാര്‍ ആശുപത്രിയിലാണ്. ഡിഎന്‍എ സാമ്പിള്‍ ഇന്ന് ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര കന്നഡ ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ലോറി പൂര്‍ണമായും കരയിലെത്തിക്കാനുളള ദൗത്യം രാവിലെ 8 മണിയോടെ ആരംഭിക്കും. വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിച്ചത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കുളള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് തെരച്ചിൽ തുടരുക.
മൃതദേഹം അർജുന്‍റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്ൽ പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തെണമെന്ന ആവശ്യം കുടുംബവും ഉന്നയിച്ചിരുന്നു. അർജുൻ്റെ വീട്ടിൽ എത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് ഇക്കാര്യം കുടുംബം ആവശ്യപ്പെട്ടത്.
മംഗളൂരുവിൽ വച്ചായിരിക്കും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. എന്നാല്‍ ഡിഎൻഎ പരിശോധന ഫലം കാത്ത് നിൽക്കാതെ അർജുന്‍റെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകും. പക്ഷേ പരിശോധന ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.