കോഴിക്കോട്:ഗംഗാവലി പുഴയില്‍ നിന്ന് പുറത്തെടുത്ത ലോറിയുടെ ക്യാബിനിൽ നിന്ന് ലഭിച്ച മൃതദേഹം അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ താരതമ്യ പരിശോധനയിൽ ഇത് വ്യക്തമായെന്ന് കാർവാർ എസ്‌പി എം നാരായണ അറിയിച്ചു. അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നത്.
അർജുന്‍റെ മൃതദേഹ ഭാഗങ്ങൾ ഉടൻ കുടുംബത്തിന് കൈമാറും. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ല ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലേക്ക് എത്തിക്കുക.