കേരളം

kerala

ETV Bharat / state

'മ്മളെ കോയ്‌ക്കോട് വന്നാ താമസത്തിന് ഇനി പേടിക്കണ്ട': ഷീ ലോഡ്‌ജ് റെഡി; 100 രൂപയ്‌ക്ക് മുതല്‍ മുറികൾ - She lodge started at Kozhikode

100 രൂപ മുതല്‍ 2,250 രൂപ വരെയുള്ള റൂമുകൾ ലഭ്യമാകും. മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാകും.

She lodge Kozhikode  She lodge for women  Low cost accommodation at Kozhikode  Women safety
Low Cost Accommodation For Women: She Lodge Started At Kozhikode

By ETV Bharat Kerala Team

Published : Mar 11, 2024, 5:20 PM IST

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് താമസ സൗകര്യവുമായി ഷീ ലോഡ്‌ജും വനിത ഹോസ്റ്റലും പ്രവര്‍ത്തന സജ്ജമായി (She lodge started at Kozhikode). മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷനാണ് നിര്‍മിച്ചത്. ലോഡ്‌ജിന്‍റെയും ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിലാണ് ഷീ ലോഡ്‌ജ്. കെട്ടിടത്തിൽ ഡോര്‍മെറ്ററി, എസി ഡിലക്‌സ്, ഡബിള്‍ ബെഡ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ദിവസത്തിന് 100 രൂപ മുതല്‍ 2,250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഷീ ലോഡ്‌ജ് ഒരുക്കിയത്. സ്ത്രീകള്‍ക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ബുക്കിങിന് ഓണ്‍ലൈന്‍ സൗകര്യവുമുണ്ട്.

താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസമൊരുക്കുക എന്നതാണ് മാങ്കാവിൽ നിര്‍മിച്ച ഹൈമവതി തായാട്ട് സ്‌മാരക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്‍റെ ലക്ഷ്യം. രണ്ടു പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ബെഡ്റൂമുകളും, നാല് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളുമാണ് ഹോസ്റ്റലിൽ സജ്ജീകരിച്ചത്.

താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും. കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്‌ജിന്‍റെയും വനിത ഹോസ്റ്റലിന്‍റെയും നടത്തിപ്പ് ചുമതല. കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പദ്ധതിയാണ് ഇതെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് (Minister Mohammed Riyas) പറഞ്ഞു. ഇവിടെ താമസിക്കുന്നവരുടെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കൂടി ഒരുക്കണമെന്നും പദ്ധതി യാഥാർഥ്യമാക്കിയ കോര്‍പ്പറേഷനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Also read: കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപം വൻ തീപിടിത്തം

ABOUT THE AUTHOR

...view details