കോഴിക്കോട് :കാഫിർ പ്രയോഗത്തിൽ പൊലീസ് സിപിഎമ്മിന് വേണ്ടി നടത്തിയ ഒളിച്ചുകളിയാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ. യഥാർഥ പ്രതിയെ രക്ഷപ്പെടുത്താനുള്ള വഴിയാണ് പൊലീസ് നോക്കിയതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ആർജവം ഉണ്ടെങ്കിൽ മുഖ്യമന്ത്രി യഥാർഥ പ്രതിയെ പിടിക്കാൻ നിർദേശം നല്‍കണം. ആവശ്യമുള്ളപ്പോൾ തലോടുകയും അല്ലാത്തപ്പോൾ തള്ളിപ്പറയുകയും ചെയ്യുകയാണ്. ഇതാണ് ഇപ്പോഴത്തെ, സൈബർ പോരാളികളെ തള്ളിപ്പറയുന്നതിന് പിന്നിലെ രാഷ്‌ട്രീയം.
വർഗീയതകൊണ്ട് വടകരയെ വെട്ടി വികൃതമാക്കാൻ ശ്രമിച്ചവരെ മതേതരത്വവും ജനാധിപത്യ ബോധവുമാകുന്ന പരിചകൊണ്ട് വടകരയിലെ ജനങ്ങൾ തടുക്കുകയായിരുന്നു. കാഫിർ പ്രയോഗം ഉള്ളതാണെന്ന് വരുത്തി തീർത്ത് ഒരു മതത്തിന്‍റെ പേരിൽ ഞങ്ങളെ കള്ളിക്കുള്ളിലാക്കി ഈ നാടിനെ ഭിന്നിപ്പിക്കാൻ നടത്തിയ ഹീന ശ്രമം വ്യാജമാണെന്ന് പൊലീസ് തന്നെ കോടതിയിൽ റിപ്പോർട്ട് ചെയ്‌തതിൽ സമാധാനവും, ആശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.