തിരുവനന്തപുരം : സോളാർ സമരത്തിൽ ഒത്തുതീർപ്പിന് ഇടപെട്ടുവെന്ന് സമ്മതിച്ച് ചെറിയാൻ ഫിലിപ്പ്. തിരുവഞ്ചൂർ രാധാകൃഷ്‌ണനും ജോൺ ബ്രിട്ടാസും തമ്മിൽ സംസാരിച്ചത് തന്‍റെ ഫോണിൽ നിന്നാണെന്നും വിഎസിന്‍റെ പിടിവാശിയിലാണ് സമരം നടത്തിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഎസ് അച്യുതാനന്ദന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
രണ്ട് കൂട്ടരും ഒത്തുതീർപ്പെന്ന നിലയിൽ എത്തിയപ്പോഴാണ് തിരുവഞ്ചൂരിനെ കണ്ടത്. ജോൺ ബ്രിട്ടാസും തിരുവഞ്ചൂരും തമ്മിൽ സംസാരിച്ചത് തന്‍റെ ഫോണിൽ നിന്നാണ്. കോടിയേരിയുമായും ബ്രിട്ടാസ് ആശയവിനിമയം നടത്തി. മാന്യമായ കരാറിൽ ഏർപ്പെടണമെന്ന സദുദ്ദേശമായിരുന്നു ഇതിന് പിന്നിൽ. സിപിഎമ്മുമായി നടത്തിയ ചർച്ചകളിൽ ജോൺ ബ്രിട്ടാസ് പങ്കാളിയായിരുന്നു.
സോളാർ അന്വേഷണങ്ങളെ ഇത് ബാധിച്ചിട്ടില്ല. സമരം അവസാനിപ്പിക്കുന്നത് രണ്ട് പേർക്കും ആശ്വാസകരമാണ്. രണ്ട് കൂട്ടർക്കും മുൻകൈയെടുക്കുന്നതിൽ തുല്യ പങ്കുണ്ട്. തിരുവഞ്ചൂരിനെ കാണാൻ താനും ബ്രിട്ടാസും പോയിരുന്നു. ബ്രിട്ടാസിന്‍റെ കാറിലാണ് പോയത്. തുടർ ചർച്ചകളിൽ താൻ പങ്കാളിയല്ല. പൊളിറ്റിക്കൽ ഡീൽ ഉണ്ടായിട്ടില്ല. കേരളം കലാപ ഭൂമിയായി മാറാതിരിക്കാൻ രണ്ട് കൂട്ടരും തീരുമാനിച്ച് സമരം ഒഴിവാക്കി.