കേരളം

kerala

By ETV Bharat Kerala Team

Published : Apr 24, 2024, 10:17 PM IST

ETV Bharat / state

ഭിന്നശേഷിക്കാർക്കായി പരിശീലന പരിപാടി; സഹായഹസ്‌തം തേടി അംഗപരിമിതരായ ചെറുപ്പക്കാർ - differently abled training program

മൊബൈൽ ഫോണിൻ്റെ സാങ്കേതിക സാധ്യതകൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള സഹായം തേടുകയാണ് ശ്രീനിധിയും അതുലും.

DIFFERENTLY ABLED TRAINING PROGRAM  എസ് ആർ ടോക്‌സ് കൂട്ടായ്‌മ  DIFFERENTLY ABLED PEOPLE  ഭിന്നശേഷിക്കാർക്ക് പരിശീലന പരിപാടി
Two Young Men Are Making a Desperate Effort to Lead People with Disabilities

ഭിന്നശേഷിക്കാർക്കായി പരിശീലന പരിപാടി; സഹായഹസ്‌തം തേടി അംഗപരിമിതരായ ചെറുപ്പക്കാർ

കണ്ണൂർ: തങ്ങളെ പോലെ ഭിന്നശേഷിക്കാരായവരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനുളള തീവ്ര ശ്രമത്തിലാണ് പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയും സുഹൃത്ത് അതുലും എസ് ആർ ടോക്‌സ് എന്ന കൂട്ടായ്‌മയും. മൊബൈൽ ഫോണിൻ്റെ സാങ്കേതിക സാധ്യതകൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനുള്ള ഒരു പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള സഹായം തേടുകയാണ് ഇരുവരും.

സങ്കൽപങ്ങൾക്കെല്ലാമപ്പുറമുള്ള വേദനയും ശാരീരിക പ്രശ്‌നങ്ങളും കടിച്ചമർത്തി സെറിബ്രൽ പാഴ്‌സി ബാധിതനായ ശ്രീനിധിയും കാഴ്‌ചയുടെ ലോകം അന്യമായ പട്ടാമ്പി സ്വദേശിയും പ്ലസ് ടു വിദ്യാർഥിയുമായ അതുലും പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയുടെ വീട്ടിൽ വലിയ തിരക്കിലാണ്. ഭിന്നശേഷിക്കാരും കാഴ്‌ച പരിമിതിയുള്ളവരുമായ കുട്ടികളുടെയും യുവാക്കളുടെയും വാട്‌സ് ആപ്പ് കൂട്ടായ്‌മയായ എസ് ആർ ടോക്‌സിൻ്റെ നേതൃനിരയിലുള്ളവരാണ് രണ്ടു പേരും.

മൊബൈൽ ഫോണിൻ്റെ സാങ്കേതിക സാധ്യതകൾ ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കുന്ന രണ്ടോ മൂന്നോ ദിവസം നീളുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് രണ്ടു പേരുടെയും നിലവിലെ ലക്ഷ്യം. അതിനു വേണ്ടി മാത്രം പട്ടാമ്പിയിൽ നിന്ന് അതുൽ പിലാത്തറയിലെത്തിയതാണ്. പറ്റുന്ന വാതിലുകളെല്ലാം മുട്ടി നോക്കുകയാണ് ഇരുവരും. ആരെങ്കിലും സഹായഹസ്‌തം നീട്ടുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ട് ജീവിതം തന്നെ പോരാട്ടമായ ഇരുവരുടെയും മുഖത്ത്.

കഴിഞ്ഞ വർഷം ജേസീസിൻ്റെ സഹകരണത്തോടെ പയ്യന്നൂരിൽ വച്ച് മൂന്ന് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് എസ് ആർ ടോക്‌സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ സഹായമില്ലാതെ ജീവിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്‌തരാക്കുകയെന്ന വലിയ ലക്ഷ്യമായിരുന്നു ആ ക്യാമ്പിന്. അതിൻ്റെ തുടർ പ്രവർത്തനമാണ് ഇക്കുറിയും ശ്രീനിധിയും അതുലും കൂട്ടുകാരുമെല്ലാം ലക്ഷ്യമിടുന്നത്.

പരിശീലനത്തിനുള്ള സിലബസ് ഉൾപ്പടെ തയ്യാറാക്കിയാണ് ഈ കൂട്ടുകാർ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയുമെല്ലാം സഹായമഭ്യർത്ഥിക്കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കാനുളള സാമ്പത്തിക സഹായമാണ് എസ് ആർ ടോക്‌സ് എന്ന വലിയ ലക്ഷ്യങ്ങളുള്ള ചെറിയ കൂട്ടായ്‌മ തേടുന്നത്.

സെറിബ്രൽ പാർസി ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ തുടയെല്ലിന് ഒരു മേജർ സർജറി കഴിഞ്ഞതേയുളളൂ. ഇനിയും സർജറി വേണമെന്നാണ് ഡോക്‌ടർമാർ പറഞ്ഞിട്ടുള്ളത്. വേദന കൊണ്ട് ഉറങ്ങാത്ത രാത്രികളിൽ പക്ഷേ ശ്രീനിധി ഓർക്കുന്നത് തന്നെ പോലുള്ളവരെ എങ്ങനെ സഹായിക്കാമെന്നാണ്. ഭിന്നശേഷിക്കാരായ അനേകം കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്‌തരാക്കുകയെന്ന ശ്രീനിധിയുടെയും അതുലിൻ്റെയുമെല്ലാം സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

Also Read:ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് ചൈൽഡ് കെയർ ലീവ് നിഷേധിക്കുന്നത് ഭരണഘടന ലംഘനം: നിര്‍ബന്ധമായും അവധി നൽകണമെന്ന് സുപ്രീം കോടതി

ABOUT THE AUTHOR

...view details