കോഴിക്കോട്:കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ നിർണ്ണായക ഘട്ടത്തിൽ. ഇന്ന് (ഓഗസ്‌റ്റ് 14) നാവിക സേനയും ഇറങ്ങുന്നതോടെ തെരച്ചിൽ പൂർണ്ണതോതിലാകും. കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല.
നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വർ മൽപെയുടെ ഒരു സംഘവുമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. നാവിക സേനയുടെ 50 അംഗങ്ങളാണ് സംഘത്തിലുള്ളത്. എസ്‌ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് സേനകളും തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകുമെന്നും, കരസേന ഹെലികോപ്റ്റർ റൂട്ടീൻ സർവയലൻസും നടത്തുമെന്നും അധികൃതർ അറിയിച്ചു.