ന്യൂഡൽഹി:ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്‌തമന പൂജയുടെ സമയം മാറ്റിയ നടപടിയെ വാക്കാൽ വിമർശിച്ച് സുപ്രീം കോടതി. വൃശ്ചിക മാസത്തിലെ പൂജ തുലാം മാസത്തിലേക്ക് മാറ്റിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ തന്ത്രി കുടുംബം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
തിരക്ക് നിയന്ത്രിക്കാൻ ഭരണസമിതി മറ്റു മാർഗങ്ങൾ കണ്ടെത്തണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ക്ഷേത്രത്തിൻ്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂജാ ചാർട്ടിൽ മാറ്റം വരുത്തരുതെന്നും വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ നടക്കുന്ന പൂജകൾ ആരാധനാ മൂർത്തിയുടെ അവകാശം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതി നോട്ടീസയച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച ഉദയാസ്‌തമന പൂജയുടെ തീയതി മാറ്റിയ ദേവസ്വം നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് തന്ത്രി കുടുംബാംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്‌തമന പൂജ വഴിപാട് മാത്രമാണെന്ന് തന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ഏകാദശി നാളിലെ തിരക്ക് പ്രമാണിച്ച് ഭക്തർക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് നടക്കേണ്ടിയിരുന്ന പൂജ തുലാം മാസത്തിലേക്ക് മാറ്റിയത്. ഇതിൻ പ്രകാരം നവംബർ 12ന് പൂജ നടത്തി. ശ്രീകോവിൽ അടച്ചിടാതെ ദർശനം സുഗമമാക്കാനാണിതെന്നായിരുന്നു ഗുരുവായൂർ ദേവസ്വത്തിന്‍റെ നിലപാട്. എന്നാൽ ദേവസ്വം നടപടി ആചാര ലംഘനമാണെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. ഉദയാസ്‌തമന പൂജ വഴിപാട് മാത്രമാണെന്നും ആചാരമല്ലെന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി ദേവസ്വം സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.
Also Read:'ഭക്തര്‍ വരുന്നത് ഭഗവാനെ കാണാനാണ്'; തുറവൂർ മഹാക്ഷേത്രത്തിൽ സര്‍ക്കാരിന് അഭിവാദ്യമർപ്പിച്ചുവച്ച ഫ്ലക്‌സ് ബോർഡില്‍ ഹൈക്കോടതി