കോഴിക്കോട്: 'കഥ പറയുമ്പോൾ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചതിയുടേയും കബളിപ്പിക്കലിന്‍റെയും കഥ തുറന്ന് വെളിപ്പെടുത്തുകയാണ് കവിയും കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ്. ഒരു തിരക്കഥയുടെ പേരിൽ തന്‍റെ എട്ട് വർഷങ്ങൾ നഷ്‌ടപ്പെട്ട സത്യൻ 17 വർഷത്തിന് ശേഷം അതിനുള്ളിലെ കള്ളക്കളികൾ ഓരോന്നായി അക്കമിടുകയാണ്. സാധാരണക്കാരൻ സിനിമയുടെ ചതിക്കുഴിയിൽ വീഴുന്നതിന്‍റെ നേർക്കാഴ്‌ച.
ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. ഇരുപത്തിരണ്ടാം വയസിൽ തുടങ്ങിയ യാത്രയാണ്, സിനിമക്ക് പിന്നാലെ. കൂട്ടുകാരോട് കഥകൾ പറഞ്ഞ്, അവരുടെ ആകാംക്ഷ കണ്ടാണ് എഴുത്ത് തുടങ്ങിയത്. 'കഥ പറയുമ്പോൾ' എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കഥ വർഷങ്ങൾക്ക് മുമ്പ് ഐ വി ശശിയുടെ അസിസ്റ്റന്‍റായ സുരേഷ് കുറ്റ്യാടിയോടാണ് ആദ്യം പറഞ്ഞത്. അന്ന് അവർക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
പൊയിൽക്കാവിലെ ബാർബർ ബാലനേയും ബാർബർ പ്രകാനേയും മനസിൽ കണ്ടാണ് ആ കഥ എഴുതിയത്. അതന്ന് വെള്ളി നക്ഷത്രം സിനിമ മാസികയിൽ അച്ചടിച്ചു വന്നിരുന്നു. പിന്നീടൊരിക്കൽ സിനിമ രചയിതാവ് ശ്രീനിവാസനോട് ആ കഥ പറഞ്ഞു. ബാർബർമാരുടെ കഥ ഇഷ്‌ടമായ ശ്രീനിവാസൻ, മദ്രാസിൽ വന്ന് അത് തിരക്കഥയാക്കാമോ എന്ന് ചോദിച്ചു. വീട്ടിൽ നിന്ന് തീരെ വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട്, തയ്യാറാക്കി വെച്ച സ്ക്രിപ്റ്റ് വിശ്വാസ പൂർവ്വം അയച്ചു കൊടുത്തു. എന്നാൽ പിന്നീടാണ് ചതിക്കപ്പെട്ടതെന്ന് സത്യചന്ദ്രൻ പറയുന്നു.
സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതോടെ ശ്രീനിവാസൻ നിറം മാറ്റി. ചെറിയ രീതിയിലൊക്കെ ജീവിച്ചു പോകുന്ന വ്യക്തിയാണ് താൻ എന്ന് പിന്നീട് വിളിച്ചപ്പോൾ സത്യൻ ശ്രീനിയോട് പറഞ്ഞു. അതിനുള്ള ശ്രീനിവാസന്‍റെ മറുപടി 'ഓക്‌സിജനൊക്കെ ഉപയോഗിക്കുന്നണ്ടല്ലേ' എന്നായിരുന്നു. പിന്നാലെ കഥാപാത്രങ്ങളെ വിശദമായി ചോദിച്ചു., വിസ്‌തരിച്ച് പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് മനസിലാക്കിയ ശ്രീനിവാസൻ, ഇത് അത്ര പോര എന്ന മറുപടിയാണ് സത്യന് നൽകിയത്. നിരാശനായ സത്യൻ മറ്റ് പല കഥളും അയച്ചു കൊടുത്തു. അതും ഒരു കബളിപ്പിക്കലിന്‍റെ ഭാഗമായിരുന്നു. ആദ്യം അയച്ച ഈ കഥ കിട്ടിയില്ല എന്നുവരെ അതിലൂടെ സ്ഥാപിച്ചെടുത്തു.