തിരുവനന്തപുരം: കേരളത്തില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ഊര്‍ജിതമാണെങ്കിലും നിലവിലെ ഇരട്ടിപ്പിക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ വൈകുന്നതു മൂലം കാലതാമസം നേരിടുകയാണ്. നിലവിലെ ഇരട്ടിപ്പിക്കല്‍ റൂട്ടുകളില്‍ പ്രധാനം തിരുവനന്തപുരം-കന്യാകുമാരി പാതയിലെ പാറശാല വരെയുള്ള കേരളത്തിൻ്റെ ഭാഗവും ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള പാതയുമാണ്.
ഇതിനു പുറമേ ഷൊര്‍ണ്ണൂര്‍-വള്ളത്തോള്‍ നഗര്‍ ഇരട്ടിപ്പിക്കലും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാത്തതിനാല്‍ വൈകുകയാണ്. കാലതാമസം ഒഴിവാക്കി സമയ ബന്ധിതമായി സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലില്‍ പ്രധാന വെല്ലുവിളി തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ നേമം വരെയുള്ള ഭാഗമാണ്. ഈ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് 21.44 ഹെക്‌ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 15.66 ഹെക്‌ടര്‍ സ്ഥലം മാത്രമാണ് ഇതുവരെ ഏറ്റെടുക്കാൻ റെയില്‍വേക്ക് കഴിഞ്ഞത്.
ഈ ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പാതയുടെ മുക്കാല്‍ ഭാഗവും കടന്നു പോകുന്നത് തലസ്ഥാന നഗര ഹൃദയത്തിലൂടെയെന്നതാണ് വെല്ലുവിളി. ഇനി ഏറ്റെടുക്കാനുള്ളത് 5.77 ഹെക്‌ടര്‍ ഭൂമിയാണ്. ഇതില്‍ 2 ഹെക്‌ടറില്‍ താഴെ അപ്രോച്ച് റോഡിനും 2 ഹെക്‌ടറിലധികം ഭൂമി നേമം സ്‌റ്റേഷൻ്റെ വികസനത്തിനും ആവശ്യമാണ്.
നേമം-നെയ്യാറ്റിന്‍കര റൂട്ടില്‍ ഇരട്ടിപ്പിക്കിലനുള്ള സ്ഥലം ഏറ്റെടുക്കല്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഈ ഭാഗത്ത് ആകെ ആവശ്യമുള്ള 10.66 ഹെക്‌ടറില്‍ ഇനി 0.654 ഹെക്‌ടര്‍ മാത്രമാണ് ഏറ്റെടുക്കാനുള്ളത്. 10.667 ഹെക്‌ടറും ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. ഏറ്റവും അവസാന ഭാഗമായ നെയ്യാറ്റിന്‍കര-പാറശാല റൂട്ടിലും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു.
ഇനി 0.179 ഹെക്‌ടര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കാനുള്ളു. ഈ ഭാഗത്ത് ഇരട്ടിപ്പിക്കലിന് ആവശ്യമായ 8.618 ഹെക്‌ടറില്‍ 8.439 ഹെക്‌ടറും ഏറ്റെടുത്തു കൈമാറി കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ പാറശാല വരെ ആകെ ആവശ്യമായത് 40.727 ഹെക്‌ടര്‍ സ്ഥലമാണ്. ഇതില്‍ 33.261 ഹെക്‌ടര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്കു കൈമാറി. ഇനി ഏറ്റെടുക്കാനുള്ളത് 6.612 ഹെക്‌ടര്‍ ഭൂമി കൂടിയാണ്.
ഷൊര്‍ണ്ണൂര്‍-വള്ളത്തോള്‍ നഗര്‍ പാത ഇരട്ടിപ്പിക്കല്‍
ഈ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 4.771 ഹെക്‌ടര്‍ സ്ഥലമാണ് ആവശ്യമുള്ളത്. ഇവിടെ സ്ഥലമെടുപ്പിനുള്ള ആറ് (ഒന്ന്) വിജ്ഞാപനം ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ചെങ്കിലും സ്ഥലമെടുക്കൽ ഇനിയും കഴിഞ്ഞിട്ടില്ല. തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തി വില്ലേജില്‍ 3.676 ഹെക്‌ടര്‍ സ്ഥലവും നെടുമ്പറമ്പ് വില്ലേജില്‍ 0.03 ഹെക്‌ടര്‍ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്. പാലക്കാട് ജില്ലയില്‍ ചുടുവളത്തൂര്‍ ദേശം, ചിറമണ്ണൂര്‍ ദേശം, കാരക്കാട് ദേശം എന്നീ വില്ലേജുകളിലായി ഏറ്റെടുക്കേണ്ടത് 1.066 ഹെക്‌ടര്‍ ഭൂമിയാണ്. ഇവിടെയും ആറ്(ഒന്ന്) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
എറണാകുളം-തുറവൂര്‍ പാത ഇരട്ടിപ്പിക്കല്‍
ഈ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് ആകെ വേണ്ടത് 14.488 ഹെക്‌ടര്‍ ഭൂമിയാണ്. എറണാകുളം, ആലപ്പുഴ ജില്ലകളിലായാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇതില്‍ എറണാകുളം-കുമ്പളം ഭാഗത്ത് ആകെ ഏറ്റെടുക്കേണ്ട 4.25 ഹെക്‌ടറില്‍ 3.236 ഹെക്‌ടറും ഏറ്റെടുത്ത് റെയില്‍വേയ്ക്കു കൈമാറി. ഇനി 1.01 ഹെക്ടര്‍ ഏറ്റെടുത്തു നല്‍കാനുള്ളത് 2025 ജനുവരി 31 നുള്ളില്‍ നല്‍കാനാണു നീക്കം.
കുമ്പളം-തുറവൂര്‍ സെക്ഷനില്‍ ആകെ ഏറ്റെടുക്കേണ്ട 10.238 ഹെക്‌ടറില്‍ 5.934 ഹെക്‌ടര്‍ ഏറ്റെടുത്തു റെയില്‍വേയ്ക്കു കൈമാറി. ഇനി 4.304 ഹെക്‌ടറാണ് കൈമാറാനുള്ളത്. ഇത് 2025 ഫെബ്രുവരി മധ്യത്തോടെ നല്‍കാനാണു നീക്കം. അരൂര്‍, എഴുപുന്ന, കൊടമത്തുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ വില്ലേജുകളിലാണ് ആലപ്പുഴ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കലും മറ്റു നടപടിക്രമങ്ങളും പുരോഗമിക്കുന്നത്.
Read More: നാടെങ്ങും മഞ്ഞപ്പിത്തം; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസികള്‍, കുടിവെള്ള വിതരണം തകൃതി - JAUNDICE OUTBREAK IN KANNUR