സാന്‍ ഫെര്‍ണാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖം വിട്ടപ്പോൾ (ETV Bharat) തിരുവനന്തപുരം: വിഴിഞ്ഞത്തിൻ്റെ തുറമുഖ സ്വപ്‌നങ്ങളില്‍ മദര്‍ഷിപ്പ് എന്ന യാഥാര്‍ത്ഥ്യവുമായെത്തിയ സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തുറമുഖം വിട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അഞ്ച് ദിവസം നീണ്ട പ്രഥമ വിഴിഞ്ഞം തുറമുഖ സന്ദര്‍ശനം പൂര്‍ത്തിയാക്കി സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് പുറപ്പെട്ടത്. ഇതിനു തൊട്ടു പിന്നാലെ പനാമാ ഫ്‌ളാഗ് എന്ന കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറീന്‍ അസര്‍ തുറമുഖത്ത് നങ്കൂരമിട്ടു.
സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് തുറമുഖ ബെര്‍ത്തിലേക്കിറക്കി വച്ച കണ്ടെയ്‌നറുകള്‍ കയറ്റി രാജ്യത്തിൻ്റെ വിവിധ തുറമുഖങ്ങളിലേക്ക് ഈ കപ്പല്‍ നീങ്ങും. പിന്നാലെ കണ്ടൈയ്‌നർ കൊണ്ടു പോകുന്നതിനുള്ള കൂടുതല്‍ ഫീഡര്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തും. ഇക്കഴിഞ്ഞ 11 നാണ് ചരിത്ര നിയോഗവുമായി സാന്‍ ഫെര്‍ണാണ്ടോ ചൈനയില്‍ നിന്നും ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിലേക്കു കൊണ്ടു പോകേണ്ട ചരക്കു കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തിയത്.
300 മീറ്റര്‍ നീളമുള്ള കപ്പലില്‍ നിന്ന് 1900 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത് ഇറക്കി. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ കപ്പല്‍ മടങ്ങി. സെപ്‌തംബറില്‍ തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നങ്കൂരമിടീലിൻ്റെ ഭാഗമായാണ് ആദ്യ മദര്‍ഷിപ്പ് വിഴിഞ്ഞത്തെത്തിയത്. പരീക്ഷണ കാലയളവില്‍ കൂടുതല്‍ മദര്‍ഷിപ്പുകള്‍ വിഴിഞ്ഞത്ത് എത്തിച്ചേരും.
അറിയാം, മറീന്‍ അസറിനെ...
ഇതൊരു ഫീഡര്‍ കപ്പല്‍(വെസല്‍) ആണ്. അതായത് മദര്‍ഷിപ്പുകളില്‍ തുറമുഖത്തെത്തിക്കുന്ന കണ്ടെയ്‌നറുകളെ മറ്റു തുറമുഖങ്ങളിലെത്തിക്കുന്ന കപ്പല്‍. ജൂലൈ 12 ന് കൊളംബോയില്‍ നിന്ന് തിരിച്ച കപ്പലാണിത്. ഈ കപ്പലിന് 249.97 മീറ്റര്‍ നീളവും 37.4 മീറ്റര്‍ വീതിയുമുണ്ട്. പനാമാ ഫ്‌ളാഗ് എന്ന കപ്പല്‍ കമ്പനിക്കു കീഴിലുള്ള കപ്പലാണിത്.
കപ്പലിൻ്റെ പരമാവധി വേഗം 19.8 നോട്ടിക്കല്‍ മൈലാണെങ്കിലും ഇത് ഇപ്പോള്‍ സഞ്ചരിക്കുന്നത് 17.7 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്. 21 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. കൊറിയന്‍ സ്വദേശികളായ കിം ഹൈയുന്‍ജിന്‍ കപ്പലിൻ്റെ മാസ്റ്ററും ഇം കൈന്‍ ഗ്രോക് ചീഫ് ഓഫീസറുമാണ്.
ഇവര്‍ ഉള്‍പ്പെടെ കപ്പലില്‍ എട്ട് കൊറിയന്‍ സ്വദേശികളും 13 ഫിലിപ്പൈന്‍ സ്വദേശികളുമുണ്ട്. ഇംഗ്ലണ്ട് കേന്ദ്രമായ ഇന്‍ഷ് സ്‌കേപ്പ് എന്ന ഷിപ്പിങ് ഏജന്‍സി മുഖാന്തിരമാണ് ഫീഡര്‍ വെസല്‍ എത്തുന്നത്.
Also Read:ചരിത്രമുറങ്ങുന്ന വിഴിഞ്ഞം: തുറമുഖത്തിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ കഥ