തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങുന്നത്.
അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ആദ്യ ദിവസം ശമ്പളം ലഭിക്കുന്ന സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാരാണ് ശമ്പളം കിട്ടാതെ വലഞ്ഞത്. അക്കൗണ്ടുകളില്‍ ശമ്പളമെത്തിയതായി കാണിക്കുന്നുവെങ്കിലും തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇന്നലെ (മാര്‍ച്ച് 1) നൽകാനുള്ള പെൻഷൻ തുകയും മുടങ്ങിയിട്ടുണ്ട്.
5 ലക്ഷം പേരുടെ പെൻഷൻ തുകയിൽ ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കുള്ള തുക വൈകിട്ട് 5 മണിക്കാണ് ട്രഷറിയിലെത്തുന്നത്. ട്രഷറിയിൽ നിന്നും നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവരെ ഇത് ബാധിച്ചിട്ടില്ല. ഇന്നലെ പെൻഷൻ തുക ലഭിക്കാത്തവർക്ക് ഇന്ന് (മാര്‍ച്ച് 2) തുക പിൻവലിക്കാനാകും. ശമ്പളത്തുക ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ടിലേക്കാണ് എത്തുന്നത്.
ഇവിടെ നിന്നുമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിലേക്ക് തുകയെത്തുക. ഇടിഎസ്ബി അക്കൗണ്ടിലേക്ക് പണം എത്തിയെങ്കിലും ബാങ്കുകളിലേക്ക് എത്തിയിട്ടില്ല. ജീവനക്കാർക്ക് ഓൺലൈനായി തുക സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റാനുമായിട്ടില്ല. തുക ബാങ്കിൽ നിന്നും പിൻവലിക്കാനുമായിട്ടില്ല. സംഭവം സാങ്കേതിക പ്രശ്‌നം മൂലമുണ്ടായ ബുദ്ധിമുട്ടാണെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.