കാസർകോട്:ഒടുവിൽ 18 വർഷത്തിന് ശേഷം സഫിയ മാതാപിതാക്കൾക്ക് അരികിൽ എത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മകളുടെ കേസില്‍ തെളിവിനായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കൾ കോടതിയിൽ നിന്നും ഏറ്റുവാങ്ങി. കാസര്‍കോട് കോടതിയില്‍ നിന്നാണ് മാതാപിതാക്കള്‍ തലയോട്ടി ഏറ്റുവാങ്ങിയത്.
വികാരഭരിതമായ കാഴ്‌ചയായിരുന്നു കാസർകോട്ടെ കോടതിക്ക് മുന്നിലുണ്ടായത്. സഫിയയുടെ ശേഷിപ്പ് കുടക് അയ്യങ്കേരി മുഹ്‍യുദ്ദീന്‍ ജുമാമസ്‌ജിദ് ഖബര്‍ സ്ഥാനിൽ സംസ്‌കരിച്ചു. സഫിയയുടെ കേസിൽ തെളിവായി സൂക്ഷിച്ചതായിരുന്നു ഈ തലയോട്ടി.
സഫിയയുടെ തലയോട്ടി ഏറ്റുവാങ്ങി മാതാപിതാക്കള്‍ (ETV Bharat) പിതാവ് മൊയ്‌തുവിന്‍റെയും മാതാവ് ആയിശുമ്മയുടെയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഇത് വിട്ടു കിട്ടുക എന്നത്. അതിനാൽ തന്നെ ഇന്ന് (നവംബർ 11) രാവിലെ തന്നെ മൊയ്‌തുവും ആയിശുമ്മയും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു.
2006ലാണ് കുടക് അയ്യങ്കേരി സ്വദേശിനി സഫിയ (13) ഗോവയിൽ കൊല്ലപ്പെട്ടത്. 2008ൽ ഗോവയിലെ അണക്കെട്ടിന് സമീപത്ത് നിന്നാണ് സഫിയയുടെ അസ്ഥികൾ കണ്ടെടുത്തത്. കേസിൽ ഗോവയിൽ കരാർ ജോലിക്കാരായ മുളിയാർ സ്വദേശി കെസി ഹംസ, ഭാര്യ മൈമൂന എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട സഫിയ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സഫിയക്ക് പൊള്ളലേറ്റിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ കൊന്ന് കഷണങ്ങളായി മുറിച്ച് കുഴിച്ചുമൂടിയതാണെന്ന് പ്രതികൾ സമ്മതിച്ചു. കേസിലെ ഒന്നാംപ്രതി ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറ്റപത്രത്തിനൊപ്പം തലയോട്ടിയുൾപ്പെടെയുള്ള ഭാഗങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ കൈമാറിയിരുന്നു. എന്നാൽ മകളെ മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് സാനു എസ് പണിക്കരാണ് ശരീരഭാഗങ്ങൾ മാതാപിതാക്കൾക്ക് വിട്ടുനൽകാൻ ഉത്തരവിട്ടത്.
Read More:ഇനി സഫിയയ്‌ക്ക് മടങ്ങാം; തെളിവിനായി സൂക്ഷിച്ച തലയോട്ടി കുടുംബത്തിന് വിട്ടുനല്‍കും, സംസ്‌കാരം മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം