പത്തനംതിട്ട:മണ്ഡലപൂജക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്.
പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്ക അങ്കി ഏറ്റുവാങ്ങി. എഡിജിപി എസ് ശ്രീജിത്ത്, എഡിഎം അരുൺ എസ് നായർ, സന്നിധാനം സ്‌പെഷൽ ഓഫീസർ ബി കൃഷ്‌ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. തമിഴ്‌നാട് ദേവസ്വം വകുപ്പു മന്ത്രി പി കെ ശേഖർബാബുവും തങ്ക അങ്കി ദർശനത്തിന് എത്തിയിരുന്നു.
തുടർന്ന് സോപാനത്തിൽവച്ച് തന്ത്രി കണ്‌ഠര് രാജീവരും മേൽശാന്തിയും അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.30 ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരമൊരുക്കി.