കേരളം

kerala

ETV Bharat / state

ശബരി റെയില്‍പാതയ്ക്ക് കേരളം നിര്‍ദേശിക്കുന്ന റൂട്ടിതാ; ആര്‍ബിഐ വേണ്ട കിഫ്ബി മതിയെന്ന് കേരളം, ഉറ്റുനോക്കുന്നത് കേന്ദ്ര നിലപാട് - SABARIMALA RAIL ROUTE

വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞ് ശബരി റെയില്‍ പദ്ധതി.

SABARIMALA RAIL  RAIL TO SABARIMALA  ശബരി റെയില്‍പാത  ശബരിമല ട്രെയിന്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 24, 2024, 10:39 AM IST

തിരുവനന്തപുരം : ചില പദ്ധതികള്‍ അങ്ങിനെയാണ്. എത്ര കാത്താലും പൂവണിയില്ല. അത്തരമൊന്നാണ് മലയാളികള്‍ കാത്തിരിക്കുന്ന ശബരി റെയില്‍ പദ്ധതിയും. കാല്‍ നൂറ്റാണ്ടു മുമ്പ് കേന്ദ്ര അംഗീകാരം കിട്ടിയ പദ്ധതിയായിട്ടും അങ്കമാലിയില്‍ നിന്നും കാലടി വരെ ഏഴു കിലോമീറ്റര്‍ റെയില്‍പാത മാത്രമാണ് ഇക്കാലമത്രയും കൊണ്ട് നിര്‍മിക്കാനായത്. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ശബരി റെയില്‍ പദ്ധതി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച ചെങ്ങന്നൂര്‍ നിലയ്ക്കല്‍ പമ്പ പാതയെ പൂര്‍ണമായും തള്ളിക്കൊണ്ട് അങ്കമാലി എരുമേലി നിലയ്ക്കല്‍ പാതയ്ക്ക് പാതിപണം സംസ്ഥാനം കണ്ടെത്താമെന്നാണ് കേരളം നിര്‍ദേശിച്ചിരിക്കുന്നത്. മധ്യ കേരളത്തിന്‍റെ മലയോര മേഖലയുടെ മുഖച്ഛായ അപ്പാടെ മാറ്റുമെന്നു വിലയിരുത്തപ്പെടുന്ന പദ്ധതിയാണിതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.

പദ്ധതിയുടെ ആകെ ചെലവിന്‍റെ 50 ശതമാനം കിഫ്ബി വഴി സംസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും ആര്‍ബിഐയെ ഉള്‍പ്പെടുത്തിയുള്ള ത്രികക്ഷി കരാറിന്‍റെ ആവശ്യമില്ലെന്നും കാട്ടി സംസ്ഥാനം വീണ്ടും രംഗത്തു വന്നത് ശബരിപാതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍-പമ്പ ശബരി പാത എന്ന ബദല്‍ നിര്‍ദേശം പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേരളം അങ്കമാലി-എരുമേലി-നിലയ്ക്കല്‍ പദ്ധതിക്കായി ശക്തമായി വീണ്ടും രംഗത്തിറങ്ങിയത്.

റൂട്ടില്‍ കേരളം നിര്‍ദേശിക്കുന്ന മാറ്റം

ആലപ്പുഴ പത്തനം തിട്ട ജില്ലകള്‍ വഴിയുള്ള നിര്‍ദിഷ്‌ട കേന്ദ്ര പാത അപ്രായോഗികമാണെന്നാണ് കേരള സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. പകരം എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാതയാണ് കേരളം നിര്‍ദേശിക്കുന്നത്. കേന്ദ്ര നിര്‍ദേശിച്ച അങ്കമാലി മുതല്‍ ചെങ്ങന്നൂര്‍ വഴി പമ്പയിലേക്കുള്ള റെയില്‍പാതയ്ക്ക് 201 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളപ്പോള്‍ സംസ്ഥാനം നിര്‍ദേശിക്കുന്ന അങ്കമാലി എരുമേലി പമ്പ പാത 145 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്.

തര്‍ക്കവിഷയങ്ങള്‍

ശബരി പാതയുടെ കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സമവായം അകലെയെന്നുള്ള സൂചനകള്‍ നല്‍കുന്നതാണ് കേരള സര്‍ക്കാരിന്‍റെ പുതിയ നിലപാടുകള്‍. പദ്ധതിച്ചെലവിന്‍റെ പാതി കേരളത്തിന് റിസര്‍വ് ബാങ്ക് വായ്‌പയായി നല്‍കാമെന്ന നിര്‍ദേശം കേരളം തള്ളുന്നു. റിസര്‍വ് ബാങ്കുമായി ത്രികക്ഷി കരാറില്‍ ഏര്‍പ്പെടേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിപ്രായം. ശബരി റെയില്‍പാതയ്ക്ക് ആവശ്യമായ തുകയുടെ പാതി കിഫ്ബി വഴി കണ്ടെത്താനാവുമെന്നാണ് കേരളം അവകാശപ്പെടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധിയില്‍ ഉള്‍പ്പെടുത്തരുത് എന്ന ആവശ്യവും കേരളം മുന്നോട്ടു വയ്‌ക്കുന്നു. കേന്ദ്രവും സംസ്ഥാനവുമായി നേരത്തേ തന്നെ കൊമ്പു കോര്‍ക്കുന്ന വായ്‌പാ പരിധി വിഷയം കൂടി ശബരി റെയില്‍പാതയുമായി ബന്ധപ്പെടുമ്പോള്‍ കേന്ദ്രം കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കുമോ എന്ന് കണ്ടറിയേണ്ടി വരും. പദ്ധതിത്തുകയുടെ പാതി അതായത് 3810 കോടി രൂപ വായ്‌പയായി കേരളത്തിന് നല്‍കാമെന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.

ശബരി റെയില്‍പാത റൂട്ട് മാപ്പ് (ETV Bharat)

ഇരട്ടപ്പാതയിലും തര്‍ക്കം

എരുമേലി-നിലയ്ക്കല്‍ റൂട്ടിന്‍റെ സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടില്ല. ശബരി റെയില്‍പാത ഇരട്ടപ്പാതയായിരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇരട്ടപ്പാത നിര്‍ദേശത്തെ കേരളം എതിര്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ പദ്ധതി ചെലവ് 9315.17 കോടിയായി ഉയരും. മാത്രമല്ല, ദിനം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ദിനം പ്രതി ശബരിമലയില്‍ വിവിധ മാര്‍ഗങ്ങളിലൂടെ എത്തുന്ന സാഹചര്യത്തില്‍ ഇരട്ടപ്പാത അനിവാര്യമല്ലെന്നാണ് കേരളത്തിന്‍റെ വാദം. സ്ഥലം ഏറ്റെടുക്കുന്നതിന് ഇതുവരെ റെയില്‍വേ 145.82 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരളം കേന്ദ്രത്തിന്‍റെ അനുമതി കാക്കുന്നത് പ്രധാനമായും ഒറ്റവരിപ്പാത നിര്‍മാണവുമായി മുന്നോട്ടു പോകാമോ എന്നതു സംബന്ധിച്ചാണ്. അതുപോലെ രാമപുരം-എരുമേലി ഭാഗത്തെ അലൈന്‍മെന്‍റ് തീരുമാനിച്ചതിനാല്‍ അതിരടയാളക്കല്ലുമായി മുന്നോട്ടു പോകാമോ എന്ന കാര്യവും കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. ഇന്ന് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായ ഘട്ടത്തില്‍, പാത എരുമേലിയില്‍ നിന്ന് നിലയ്ക്കലിലേക്കും അവിടെ നിന്ന് റെയില്‍വേ കടന്നു പോകാത്ത മേഖലകളെ ബന്ധപ്പെടുത്തി തിരുവനന്തപുരത്തേക്കും നീട്ടണമെന്നുമുള്ള ആവശ്യം സംസ്ഥാന സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്.

ശബരി റെയില്‍ പാത പദ്ധതി ഇതുവരെ

1997-98 ലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ്‌കുമാറാണ് മലയാളികളുടെ മനസിലേക്ക് ശബരി റെയില്‍പാത എന്ന സ്വപ്‌നത്തിന്‍റെ പച്ചക്കൊടി വീശിയത്. ശബരിമലയിലേക്കെത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേകിച്ചും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെ എരുമേലി വരെ എത്തിക്കാനുള്ള പാത എന്ന നിലയിലാണ് കേരളം ഇതിനെ കണ്ടത്. 110 കിലോമീറ്റര്‍ നീളമുള്ള പാത അങ്കമാലിയില്‍ നിന്നു തുടങ്ങി എരുമേലിയില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു പദ്ധതി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

550 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിയുടെ ചെലവ് പൂര്‍ണമായും റെയില്‍വേ ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപിക്കുമ്പോഴുള്ള ധാരണ. ഇതിനായി സ്ഥലം ഏറ്റെടുത്തു. അങ്കമാലി മുതല്‍ കാലടി വരെ 17 കിലോമീറ്റര്‍ പാത നിര്‍മിച്ചു. 2017 ല്‍ ചെലവ് പുതുക്കി നിശ്ചയിച്ചപ്പോള്‍ 2815 കോടി രൂപയായി. പിന്നാലെ പദ്ധതി ലാഭകരമല്ലെന്നു കണ്ട് റെയില്‍വേ പദ്ധതി മരവിപ്പിച്ചു. 2021ല്‍ റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 3800.93 കോടി രൂപയായി.

അങ്കമാലി-എരുമേലി റൂട്ടില്‍ പാത കടന്നു പോകുന്ന പ്രധാന പട്ടണങ്ങള്‍ :പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല.

അങ്കമാലിയില്‍ നിന്ന് എരുമേലി വരെ പാത കടന്നു പോകുന്ന സ്ഥലങ്ങള്‍: അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി.

Also Read: സന്നിധാനത്ത് ഉത്സവക്കാഴ്‌ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

ABOUT THE AUTHOR

...view details