കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ ശബരിമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.
സുഗമമായ ദർശന സൗകര്യവും സജ്ജമാണ്. വെർച്വൽ ക്യൂവിനു പുറമേ പതിനായിരം പേർക്ക് കൂടി ദർശനം ഒരുക്കും. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങൾ പൂർത്തിയായി. ഇന്ന് ചേർന്ന യോഗം വിവിധ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളും വിലയിരുത്തി.
ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയിൽ പാമ്പുകടിയേറ്റാൽ ആൻ്റിവെനം നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റോപ് വേയുടെ നിർമാണം മണ്ഡല കാലത്ത് തുടങ്ങും. പമ്പ മുതൽ സന്നിധാനം വരെയാണ് റോപ് നിർമിക്കുക. 17 വർഷം പഴക്കമുള്ള പദ്ധതിയുടെ തടസങ്ങൾ നീക്കി ഈ മണ്ഡലകാലത്ത് നിർമാണം ആരംഭിക്കു മെന്നും മന്ത്രി പറഞ്ഞു.