പത്തനംതിട്ട: ശരണം വിളികളാല്‍ മുഖരിതമായ സായാഹ്നത്തിൽ മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകിട്ട് 4 ന് മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രിമാരായ കണ്‌ഠര് രാജീവര്, കണ്‌ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് നട തുറന്നത്.
നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു നടപ്പന്തലിലുണ്ടായിരുന്നത്.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴി തെളിയിച്ചതോടെ പതിനെട്ടാം പടി ഭക്തർക്കായി തുറന്നു നൽകി.
നിയുക്ത ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരാണ് ആദ്യം പതിനെട്ടാം പടി ചവിട്ടിയത്. പിന്നാലെ ഭക്തരുടെ പടി കയറ്റം ആരംഭിച്ചു.
ശബരിമല നട തുറന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വൃശ്ചികപ്പുലരിയായ ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്ക് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് മൂന്നിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും.
എല്ലാ ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ഉഷഃപൂജ- രാവിലെ 7.30നും ഉച്ചപൂജ 12.30 നും നടക്കും. ദീപാരാധന വൈകിട്ട് 6.30 നാണ്. രാത്രി 9.30 ന് അത്താഴ പൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.
തീർഥാടക തിരക്ക് പരിഗണിച്ച് ഈ മണ്ഡല- മകര വിളക്ക് കാലയളവിൽ 18 മണിക്കൂർ നേരം ഭക്തർക്ക് ദർശന സൗകര്യം ലഭ്യമാകും. ഡിസംബര്‍ 26 നാണ് മണ്ഡല പൂജ. അന്ന് രാത്രി 10 ന് നട അടയ്‌ക്കും.
തുടര്‍ന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.
തിരുവാഭരണ ദര്‍ശനം:മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിൽ തിരുവാഭരണ ദര്‍ശനം വൃശ്ചികം ഒന്നിന് പുലര്‍ച്ചെ ആരംഭിക്കും. അടുത്ത മാസം 26 വരെ തിരുവഭരണ ദർശനം ഉണ്ടാകും. തുടർന്ന് 31 മുതല്‍ ജനുവരി 11 വരെ സ്രാമ്പിക്കല്‍ കൊട്ടാരത്തിലുള്ള സ്‌ട്രോങ് റൂമില്‍ തിരുവാഭരണ ദര്‍ശനം പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 8.30 വരെയുണ്ടാകും.
തിരുവാഭരണപ്പെട്ടി (ETV Bharat) ജനുവരി 12ന് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്‌ത ക്ഷേത്രത്തില്‍ ഉച്ചക്ക് 12 മണി വരെ ദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും ശബരിമലയിലേക്ക് പുറപ്പെടും.
പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്:അയ്യപ്പഭക്തരെ സഹായിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി ആദ്യ ഘട്ടത്തിൽ സന്നിധാനത്ത് മാത്രമുള്ളത് ആയിരത്തിയഞ്ഞുറോളം പൊലീസുകാർ. ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫിസർ കെ.ഇ ബൈജുവിന്‍റെ നേതൃത്വത്തിലാണ് പൊലീസിന്‍റെ പ്രവർത്തനം. ഇന്ന് (നവംബര്‍ 15) രാവിലെ പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫിസറുടെ നേതൃത്വത്തിൽ നിർദേശങ്ങൾ നൽകി.
ചടങ്ങിൽ ജില്ല പൊലീസ് മേധാവി വിജി വിനോദ് കുമാർ, ജോയിന്‍റ് സ്‌പെഷ്യൽ ഓഫിസർമാരായ അങ്കിത് സിങ് ആര്യ, സി. ബാലസുബ്രഹ്‌മണ്യം എന്നിവർ പങ്കെടുത്തു. ഒരു പൊലീസ് മേധാവിയുടെ കീഴിൽ രണ്ട് അഡീഷണൽ എസ്പിമാർ, 10 ഡിവൈഎസ്‌പിമാർ, 27 സിഐമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സേനയുടെ വിന്യാസം.
90 എസ്‌ഐമാരും 1250 സിവിൽ പൊലീസ് ഓഫിസർമാരുമാണുള്ളത്. 12 ദിവസം വീതമാണ് ഓരോ ടീമിന്‍റെയും ഡ്യൂട്ടി. പതിനെട്ടാംപടി കയറാൻ ഭക്തരെ സഹായിക്കുന്ന പൊലീസുകാർ 15 മിനിറ്റ് കൂടുമ്പോൾ മാറിക്കൊണ്ടിരിക്കും. മുൻവർഷങ്ങളിൽ 20 മിനിറ്റിലായിരുന്നു മാറിയിരുന്നത്.
ലഹരിമുക്ത ബോര്‍ഡുകള്‍ സ്ഥാപിച്ചു:കേരള എക്‌സൈസ് വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ ശബരിമല പൂങ്കാവനപ്രദേശം ലഹരിമുക്തമാണെന്ന മുന്നറിയിപ്പ് ഫലകങ്ങള്‍ സ്ഥാപിച്ചു. ലക്ഷ്യ ഫോര്‍ ഫ്യൂച്ചര്‍ ക്ലബ്ബിന്‍റെ സഹകരണത്തോടെ പ്രധാന ഭാഗങ്ങളില്‍ വിവിധ ഭാഷകളിലുള്ള 20 ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു.
ലഹരിമുക്ത ബോര്‍ഡുകള്‍ സ്ഥാപിച്ചു (ETV Bharat) അതേസമയം, ദിവസം 80,000 പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 70,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയും 10,000 പേര്‍ക്ക് സ്പോട് ബുക്കിങ്ങിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഈ വർഷത്തെ തീർത്ഥാടനകാലം ഭംഗിയായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോർഡും സർക്കാരുംപൂർത്തിയാക്കിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂർണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്‍റെയും പമ്പയിലെ വിഗ്നേശ്വര ഗസ്റ്റ് ഹൗസിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗസ്റ്റ് ഹൗസ് ഉദ്ഘാടനം നിര്‍വഹിക്കുന്ന മന്ത്രി വാസവന്‍ (ETV Bharat) വിപുലവും വിശാലവുമായ സാഹചര്യങ്ങൾ ഇത്തവണ ദേവസ്വം ബോർഡും സർക്കാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുണ്ടായിരുന്ന പാർക്കിംഗ് സൗകര്യം 10,000 ആക്കി വർധിപ്പിച്ചു. നിലയ്ക്കലിൽ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തൽ നിർമ്മിച്ച് 2700 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവർത്തിച്ചു തുടങ്ങി.
ഭക്തജനങ്ങൾക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് കയറുമ്പോൾ വിശ്രമിക്കാനായി ആയിരം പേർക്കുള്ള സ്റ്റീൽ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയിൽ 132 കേന്ദ്രങ്ങളിൽ വിശ്രമിക്കാനും കുടിവെള്ളം നൽകാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്. സന്നിധാനത്ത് പരമാവധി ഭക്തർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകൾ ബഫർ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ദേവസ്വം ബോർഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
ഉദ്ഘാടന വേദിയില്‍ മന്ത്രി വി എന്‍ വാസവന്‍ സംസാരിക്കുന്നു (ETV Bharat) അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ. യു ജനീഷ് കുമാർ എംഎൽഎ, ദേവസ്വംബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.അജികുമാർ, സി.ജി.സുന്ദരേശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് കെ.ശേഖർ എന്നിവർ പ്രസംഗിച്ചു.
Also Read:48 ഹോട്ട്‌സ്‌പോട്ടുകള്‍, അരമണിക്കൂര്‍ വീതം ഇന്‍റര്‍നെറ്റ്; ശബരിമലയില്‍ ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ വൈഫൈ