കേരളം

kerala

ETV Bharat / state

തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു; ഇനി രണ്ടുനാള്‍, മകരവിളക്കിന് സന്നിധാനം സജ്ജം - THIRUVABHARANAM PROCESSION

ഘോഷയാത്ര സന്നിധാനത്തെത്തുക 14ന്. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ചാണ് ഘോഷയാത്ര സന്നിധാനത്തെത്തുക.

SABARIMALA MAKARAVILAKKU 2025  AAYYAPPA THIRUVABHARANAM PROCESSION  തിരുവാഭരണ ഘോഷയാത്ര  മകരവിളക്ക് 2025
Thiruvabharanam Procession (ETV Bharat)

By ETV Bharat Kerala Team

Published : Jan 12, 2025, 4:04 PM IST

പത്തനംതിട്ട : മകരവിളക്കിന് ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14 ന് സന്ധ്യയോടെ സന്നിധാനത്തെത്തിച്ചേരും. തുടർന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ആ സമയം ആകാശത്തു മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരവിളക്കും തെളിയും.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ, സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ശ്രീകോവിലിനു മുന്നിൽ വച്ച് പൂജിച്ച ഉടവാൾ വലിയ തമ്പുരാൻ രാജപ്രതിനിധിയ്ക്കു കൈമാറി.

തിരുവാഭരണ ഘോഷയാത്ര (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവാഭരണ പേടകം അടച്ച് മേൽശാന്തി നീരാജനം ഉഴിഞ്ഞു. തുടർന്നു രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ ശ്രീകോവിലിനു പുറത്തെത്തി പല്ലക്കിലേറി യാത്രയ്ക്കു തുടക്കം കുറിച്ചു. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങിയ പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസിലേറ്റി ഗുരുസ്വാമിയെ അനുഗമിച്ചു.

കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം ദിവസം കാനനപാതയിലൂടെ തുടരുന്ന ഘോഷയാത്ര നിലയ്ക്കൽ, പ്ലാപ്പള്ളി വഴി അട്ടത്തോട്ടിലെത്തും. അവിടെ നിന്ന് ഘോഷയാത്ര വലിയാനവട്ടവും ചെറിയാനവട്ടവും കടന്നാണ് വൈകിട്ടോടെ ശബരിമലയിലെത്തുക.

മരക്കൂട്ടത്തു നിന്നു ഘോഷയാത്രയെ ദേവസ്വം ബോർഡിൻ്റെയും അയ്യപ്പ സേവാസംഘത്തിൻ്റെയും നേതൃത്വത്തിൽ സന്നിധാനത്തേക്ക് സ്വീകരിക്കും. ഘോഷയാത്ര നയിച്ചെത്തുന്ന രാജപ്രതിനിധി പമ്പയിൽ രാജമണ്ഡപത്തിലെത്തി ഭക്‌തർക്കു ഭസ്‌മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസമാണ് രാജപ്രതിനിധി മലകയറുക. സന്നിധാനത്തു കളഭവും മാളികപ്പുറത്തു ഗുരുതിയും കഴിഞ്ഞു ശബരിമല നടയടച്ചതിനു ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും.

Also Read: ശബരിമല തീര്‍ഥാടകര്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സുമായി ദേവസ്വം ബോര്‍ഡ്; തീര്‍ഥാടനത്തിനിടെ മരണമടയുന്നവര്‍ക്ക് 5 ലക്ഷം നഷ്‌ടപരിഹാരം

ABOUT THE AUTHOR

...view details