കേരളം

kerala

ETV Bharat / state

മഴ മാറി, കാനനപാത വീണ്ടും തുറന്നു ▶വീഡിയോ - SABARIMALA KANANA PATHA OPENED

പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര നിരോധിച്ചത് മഴ ശക്തമായതിന് പിന്നാലെ

SABARIMALA TRADITIONAL FOREST PATH  SABARIMALA NEWS  SABARIMALA PILGRIMAGE  ശബരിമല കാനനപാത
കാനനപാത (ETV Bharat)

By ETV Bharat Kerala Team

Published : Dec 4, 2024, 7:39 PM IST

പത്തനംതിട്ട: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്‌ച 581 പേരെയാണ് കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും സേവനം പാതയിൽ ലഭ്യമാണ്.

കാനനപാത വീണ്ടും തുറന്നു (ETV Bharat)

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തിലായിരുന്നു പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്രയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തീര്‍ഥാടകര്‍ നദികളില്‍ ഇറങ്ങുന്നതും കുളിക്കടവ് ഉപയോഗിക്കുന്നതിനും ഉള്‍പ്പടെയായിരുന്നു വിലക്ക്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാകും നിയന്ത്രണമെന്നും കലക്‌ടര്‍ അറിയിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബോര്‍ഡും മഴയെ തുടര്‍ന്ന് പാതയിലൂടെയുള്ള യാത്ര നിരോധിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക്:ശബരിമലയിലെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ആരാധനയ്‌ക്കുള്ള ഇടമാണ് ശബരിമലയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. പ്രീ പെയ്‌ഡ് ഡോളി സർ‍വീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് ശബരിമലയില്‍ തൊഴിലാളികൾ നടത്തിയ സമരത്തിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്.

സന്നിധാനത്തും പമ്പയിലും പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിയ ഹൈക്കോടതി സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെയാണ് ബാധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഡോളി ജീവനക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. പലരും ദിവസങ്ങളോ ആഴ്‌ചകളോ എടുത്താണ് ശബരിമലയിലേക്ക് വരുന്നത്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു.

തീർഥാടകരെ കൊണ്ടുപോകില്ലെന്ന് പറയാനോ ഇറക്കി വിടുന്നതോ അനുവദിക്കാൻ സാധിക്കില്ല. ഭക്തര്‍ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമല. അവിടെ നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും, ചീഫ് പൊലീസ് കോർഡിനേറ്ററും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

Also Read :ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന; 3,91,000 രൂപ പിഴ ഈടാക്കി

ABOUT THE AUTHOR

...view details