കേരളം

kerala

ETV Bharat / state

ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന; 3,91,000 രൂപ പിഴ ഈടാക്കി

തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായാണ് അധികൃതരുടെ ഇടപെടല്‍.

Shabarimala  ശബരിമല  ഹോട്ടലുകളിലെ പരിശോധന  Shabarimala Inspection
Shabarimala (ETV Bharat)

By

Published : 5 hours ago

പത്തനംതിട്ട:ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്‌ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായാണ് അധികൃതരുടെ ഇടപെടല്‍. ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ അരുൺ എസ് നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്.

സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 ഇടങ്ങളില്‍ പരിശോധനയും നടത്തു. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി.

ഹോട്ടലുകളിലെയും കടകളിലെയും ശുചിത്വം ഉറപ്പാക്കുക, ഗുണനിലവാരമുള്ള ഭക്ഷണം കൃത്യമായ അളവിലും തൂക്കത്തിലും തീർഥാടർക്ക് ലഭ്യമാക്കുക, അമിത വില ഈടാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ട് പരിശോധന വ്യാപകമാക്കിയതായും വരും ദിവസങ്ങളിലും തുടരുമെന്നും ഡോ. അരുൺ എസ് നായർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ പരിശോധനയും ശക്തമാണ്. ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ് നായർ, ഡ്യൂട്ടി മജിസ്‌ട്രേറ്റായ ഡെപ്യൂട്ടി കലക്‌ടർ എ വിജയൻ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പികെ ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സന്നിധാനത്തെ പരിശോധനകൾക്ക് നേതൃത്വം നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം സന്നിധാനത്ത് സുരക്ഷയൊരുക്കി 125 ആർഎഎഫ് സേനാംഗങ്ങള്‍ 24 മണിക്കൂറും ജാഗരൂകരാണ്. മഴയും വെയിലും മഞ്ഞുമൊന്നും കൂസാതെ സന്നിധാനത്ത് തീർഥാടകർക്ക് സുരക്ഷയൊരുക്കുകയാണ് ദ്രുതകർമസേന. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ ഭാഗമായ ആർഎഎഫിൻ്റെ ഡിപ്ലോയ്‌മെൻ്റ് കമാൻഡൻ്റ് ജി. വിജയൻ്റെ നേതൃത്വത്തിൽ 105-ാം ബറ്റാലിയനിലെ 125 സേനാംഗങ്ങളാണ് ശബരിമലയ്ക്ക് സുരക്ഷയൊരുക്കുന്നത്.

സന്നിധാനം, സോപാനം, ചുറ്റുവട്ടം, നടപ്പന്തൽ തുടങ്ങി സന്നിധാനത്തെ എല്ലാ ഭാഗങ്ങളിലും ആയുധധാരികളായ ആർഎഎഫ് ഭടന്മാർ കാവലിനുണ്ട്. ഒരേ സമയം 40 സേനാംഗങ്ങളാണ് സുരക്ഷ ജോലിയിലുള്ളത്. എട്ടു മണിക്കൂറുള്ള മൂന്നു ഷിഫ്റ്റുകളായാണ് പ്രവർത്തനം. സന്നിധാനത്തിനും പതിനെട്ടാം പടിക്കും സമീപം രണ്ടു നിരീക്ഷണ ടവറുകളും പതിനെട്ടാംപടിക്കു സമീപം സുരക്ഷാവേലിയും (ഡിഫെൻസ് മോർച്ച) സ്ഥാപിച്ചിട്ടുണ്ട്.

തിക്കുംതിരക്കും മൂലമുള്ള അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനും അടിയന്തരസാഹചര്യങ്ങളെ നേരിടാനും പരിശീലനം നേടിയ ആർഎഎഫിൻ്റെ പ്രത്യേകസംഘവും സന്നിധാനത്തുണ്ട്. എതുസാഹചര്യത്തെയും നേരിട്ട് തീർഥാടകർക്കും ക്ഷേത്രത്തിനും സുരക്ഷയൊരുക്കാൻ ആർപിഎഫ് സജ്ജമാണെന്ന് ഡിപ്ലോയ്‌മെൻ്റ് കമാൻഡൻ്റ് ജി വിജയൻ പറഞ്ഞു. 2008 മുതൽ സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത് ജി വിജയൻ്റെ നേതൃത്വത്തിലാണ്. മണ്ഡല-മകരവിളക്കു കാലം മുഴുവൻ ആർഎഎഫ് സുരക്ഷയിലാണ് സന്നിധാനം.

Read More: ടൂൾ എടുക്കാൻ രണ്ടാമതും എത്തി, മൊബൈൽ ടവറും വില്ലൻ ആയി; സംസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണ കേസില്‍ പ്രതിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

ABOUT THE AUTHOR

...view details