തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുത്തൻ സംവിധാനം വരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. 'ശബരിമല വികസന അതോറിറ്റി' രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി, ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടായിരിക്കും സമിതി രൂപീകരിക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കായി എം എസ് 18th സ്റ്റെപ് ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ ഷെയര്‍ അടിസ്ഥാനത്തിലാണ് കരാർ. പദ്ധതി യഥാർഥ്യമായാൽ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും റോപ് വേ വഴിയാകും. റോപ് വേയ്ക്കായി പമ്പയ്ക്കും സന്നിധാനത്തിനുമിടയിലെ 4.5336 ഹെക്‌ടര്‍ വനഭൂമി ഡൈവേര്‍ട്ട് ചെയ്യേണ്ടത് തടസമായിരുന്നു.
ഇതിന് പകരമായി കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴയില്‍ റവന്യൂ, വനം വകുപ്പുകള്‍ക്ക് സ്വീകാര്യമായ ഭൂമി കണ്ടെത്തി വനവത്കരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. വനം, വന്യജീവി ക്ലിയറന്‍സിനായുള്ള നടപടികളും തുടരുകയാണ്. ശബരിമലയിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മാസ്റ്റർ പ്ലാൻ ഉറപ്പ് വരുത്തും.