തിരുവനന്തപുരം:മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ് സുഹാസ് ഐഎഎസിനെ സ്പെഷൽ ഓഫിസറായി നിയമിച്ച് സംസ്ഥാന സർക്കാർ. പുനരധിവാസ ടൗൺഷിപ്പ് നിർമാണത്തിന്‍റെ പൂർണ ഉത്തരവാദിത്വം സുഹാസിനായിരിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സുഹാസ് ഐഎഎസിനെ സ്പെഷൽ ഓഫിസറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്.
സ്‌പോൺസർമാരുമായി സംസാരിക്കുക, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, സമയബന്ധിതമായി ഇത് പൂർത്തീകരിക്കുക, സ്‌പോൺസർമാർ ഏറ്റെടുക്കുന്ന വീടുകളുടെ മേൽനോട്ടം വഹിച്ചുകൊണ്ട് നിർമാണം കൃത്യസമയത്ത് തന്നെ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തുക തുടങ്ങി ടൗൺഷിപ്പ് നിർമാണത്തിന്‍റെ എല്ലാ ചുമതലയും സുഹാസ് ഐഎഎസിന് നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, മുണ്ടക്കൈ പുനരധിവാസത്തിന്‍റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ധന നിയമ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിരുന്നു. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണ് നിർമാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്‌ക്വയർ ഫീറ്റുള്ള വീടുകളാണു നിർമിക്കുന്നത്. ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.