കണ്ണൂർ:23 വർഷത്തെ കാത്തിരിപ്പിന് ശേഷം രുദ്രാക്ഷ മരം കായ്‌ച്ചതിൻ്റെ സന്തോഷത്തിലാണ് ഇന്ന് കണ്ണൂർ മുയ്യം വരഡുര് ലക്ഷ്‌മി നാരായണ ക്ഷേത്രത്തിലെ ജീവനക്കാരും നാട്ടുകാരും. ശൈത്യ മേഖലകളായ നേപ്പാളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സുലഭമായ രുദ്രാക്ഷ മരമാണ് ഇങ്ങു കേരളത്തിലും പൂത്തു കായ്ച്ചു നിൽക്കുന്നത്. കേരളത്തിൽ അപൂർവമായാണ് ഇവ കണ്ടുവരുന്നത്.
രുദ്രാക്ഷം ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായാണ് കണക്കാക്കുന്നത്. 23 വർഷങ്ങൾക്ക് മുൻപ് സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്ന മുയ്യം സ്വദേശിയായ വയലപ്ര ബാലകൃഷ്‌ണനാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്ന് അവധിക്ക് വന്നപ്പോൾ ഒരു രുദ്രാക്ഷ മരത്തിൻ്റെ തൈ കൊണ്ടു വന്ന് മുയ്യം വരഡുര് ലക്ഷ്‌മി നാരായണ ക്ഷേത്രത്തിന് വടക്ക് കിഴക്ക് ഭാഗത്തായി നട്ടുപിടിപ്പിച്ചത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞു. ബാലകൃഷ്‌ണൻ വിരമിച്ചിട്ടും രുദ്രാക്ഷ മരം കായ്ച്ചില്ല.
നാട്ടിലെ ക്ഷേത്രത്തിലും കായ്‌ച്ച് നിൽക്കുന്ന രുദ്രാക്ഷത്തെ കാണാൻ ഉള്ള കൊതിയിൽ നിന്നാണ് 23 വർഷം മുൻപ് ഒരു ചെടി നാട്ടിൽ എത്തിച്ചത്. ഇടയ്‌ക്ക് മരം ഉണങ്ങാനുള്ള ലക്ഷണങ്ങൾ കാണിച്ചപ്പോൾ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടലും പരിചരണവുമാണ് മരത്തെ ഇന്നത്തെ രൂപത്തിലേക്ക് എത്തിച്ചത്. 23 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രുദ്രാക്ഷ മരം പൂവിട്ട് നിറയെ കായ്ച്ചു നിൽക്കുന്നത് കൗതുകത്തിനൊപ്പം സന്തോഷം പകരുന്ന കാഴ്‌ച കൂടിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശിവഭഗവാൻ്റെ കണ്ണുനീരാണ് രുദ്രാക്ഷമെന്നാണ് ഹൈന്ദവ വിശ്വാസം. പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നുവെന്നും ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവൻ്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികളാണ് രുദ്രാക്ഷ വൃക്ഷങ്ങളായത് എന്നുമാണ് പുരാണം.
രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും പൊരുൾ. അതുകൊണ്ട് ശിവൻ്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിൽ മാഹാത്മ്യമേറെയാണ്. വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നും സങ്കൽപമുണ്ട്.
ഏക മുഖം, ദ്വിമുഖം, ത്രിമുഖം, ചതുർമുഖം, പഞ്ചമുഖം തുടങ്ങി 21 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളും ഉണ്ട്. മുഖങ്ങളുടെ കണക്കനുസരിച്ചാണ് ഇതിൻ്റെ അപൂർവതയും വിലയും നിർണയിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങൾക്കപ്പുറം ഒട്ടനവധി ഔഷധ ഗുണങ്ങളും ഈ രുദ്രാക്ഷത്തിനുണ്ട്.
വരഡുര് ലക്ഷ്‌മി നാരായണ ക്ഷേത്രത്തിലെ രുദ്രാക്ഷ മരം കായ്‌ച്ചു (ETV Bharat) അതേസമയം മരം കായ്‌ച വിവരമറിഞ്ഞ് ബാലകൃഷ്‌ണനും ക്ഷേത്രത്തിലെത്തിയിരുന്നു. നാലും അഞ്ചും മുഖങ്ങളുള്ള അപൂർവ രുദ്രാക്ഷങ്ങളാണ് ഈ മരത്തിൽ നിന്ന് ലഭിച്ചത്. താഴെ വീഴുന്ന കായ്‌കളുടെ തൊലി നീക്കം ചെയ്‌ത് കഴുകി എടുത്താണ് ഇവ ഉപയോഗിക്കുന്നത്. പരമാവധി കായകൾ ശേഖരിച്ച് ക്ഷേത്രത്തിൽ സൂക്ഷിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Also Read: പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; നിരീക്ഷിക്കാന്‍ അഞ്ചംഗ സംഘം - MUSTH CONFIRMED FOR PADAYAPPA