തൃശൂർ: ജില്ലയിലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മോടികൂട്ടാൻ റോബോട്ടുകളും കളത്തിലിറങ്ങും. തെരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കലൂർ ഐഎംഎ ഹാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്‌ടർ കൃഷ്‌ണ തേജ പറഞ്ഞു. ജനങ്ങളെ എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും.