കോഴിക്കോട് :വിവിധ കരിങ്കൽ ക്വാറികൾ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന റോഡ് വൻ അപകട ഭീഷണി ഉയർത്തുന്നു. കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് നൂറ് കണക്കിന് കുടുംബങ്ങൾക്കും കൃഷി ഭൂമിക്കുമുൾപെടെ ഭീഷണിയായി കുന്നോളം ഉയരത്തിൽ ലാേഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടത്. ഒരു ചെറിയ മഴ പെയ്‌താൽ പോലും ഈ മണ്ണ് താഴ്ഭാഗത്തേക്ക് ഒലിച്ചിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാവും. മാത്രമല്ല പ്രദേശത്തെ നിരവധി കുടിവെള്ള സ്രാേതസുകൾക്കും ഈ അശാസ്ത്രീയ റോഡ്പ്രവൃത്തി വലിയ ഭീഷണിയാണ് ( Road Construction To Quarry ).
നിലവിൽ ഈ ഭാഗത്തെ നിരവധി ക്വാറികളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കുമായി നൂറ് കണക്കിന് ടിപ്പർ വാഹനങ്ങൾ കടന്ന് പോവുന്ന പ്രദേശം കൂടിയാണിത്. പുതിയ റോഡ് വരുന്നതോടെ ഇനിയും ടിപ്പർ ലോറികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. അതോടെ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് തോണിച്ചാൽ പ്രദേശത്തെ 50 ഓളം കുടുംബങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആകുമെന്ന ആശങ്കയുണ്ട്.