തൃശൂർ : സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്‌ണൻ (Along With Sathyabhama, Legal Action Will Be Taken Against The YouTube Channel). പരാതി നൽകുന്നത് സംബന്ധിച്ച് നിയമ വിദഗ്‌ധരോട് നിയമോപദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉണ്ടായ അധിക്ഷേപത്തെ നിയമപരമായി തന്നെ നേരിടാൻ ആണ് തീരുമാനം. ബാക്കി പത്രമായി ഇനിയും വിവേചനം അവശേഷിക്കരുതെന്നും കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന് ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും ആർ എൽ വി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നു ആർ എൽ വി രാമകൃഷ്‌ണൻ പറഞ്ഞു.
ജാതി അധിക്ഷേപം; സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി :ഡോ. ആർ എൽ വി രാമകൃഷ്‌ണന് എതിരായ സത്യഭാമയുടെ ജാതി അധിക്ഷേപത്തിൽ ഇടുക്കിയിൽ നിന്നും മനുഷ്യാവകാശ കമ്മിഷന് പരാതി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസ്വാമിയാണ് ഇതിനെതിരെ പരാതി നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി, തൃശൂർ ജില്ല കലക്‌ടർ എന്നിവർക്കാണ് പരാതി നൽകിയത്.