തിരുവനന്തപുരം : ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് മലയാളി ഉള്‍പ്പടെ 4 വ്യോമസേന പൈലറ്റുമാർ തെരഞ്ഞെടുക്കപ്പെട്ടത് കഠിനമായ ടെസ്‌റ്റുകള്‍ക്കൊടുവില്‍. ഒരു കൂട്ടം സമര്‍ത്ഥരായ വ്യോമസേന പൈലറ്റുമാരില്‍ നിന്നാണ് നാലുപേരെയും തെരഞ്ഞെടുത്തത് (Rigourous Training of Gaganyan Astronauts).
ദൗത്യത്തിന്‍റെ ആദ്യപടിയായി ഇരുപതിലധികം പേരുള്ള വ്യോമസേന പൈലറ്റുമാരുടെ ഒരു സംഘത്തെ തെരഞ്ഞെടുത്തു. ഇവരെ വര്‍ഷങ്ങളോളം കഠിനമായ പരിശീലനത്തിന് വിധേയമാക്കി. തുടർന്ന് ബഹിരാകാശ യാത്രയ്ക്കുവേണ്ട വൈദ്യശാസ്ത്ര, എയ്‌റോ മെഡിക്കല്‍, മനശാസ്ത്ര പരിശോധനകള്‍ അടക്കം നടത്തിയ ശേഷമാണ് നാഷണല്‍ ക്രൂ സെലക്ഷന്‍ ബോര്‍ഡ് ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 4 പൈലറ്റുമാരിലേക്ക് എത്തിയത് (Gaganyan Mission Crew Training).
നാലുപേരെ തെരഞ്ഞെടുത്തതിനുശേഷം ഇവര്‍ക്ക് റഷ്യയിലെ ഗഗാറിന്‍ കോസ്‌മനോട്ട് സെന്‍ററില്‍ 13 മാസത്തോളം പരിശീലനം നല്‍കി. ബഹിരാകാശ വാഹനത്തിനുള്ളില്‍ നടക്കുന്നതിനുള്ള ട്രെയിനിങ്, മരുഭൂമി, വനം, വെള്ളം എന്നിങ്ങനെയുള്ള പ്രതികൂല സാചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പരിശീലനം (സര്‍വൈവല്‍ ട്രെയിനിങ്) എന്നിവ നല്‍കി. ഇവരുടെ കായിക ആരോഗ്യം നിലനിര്‍ത്താന്‍ കഠിനമായ പരിശീലനവും നല്‍കി. ഈ പരിശീലനത്തില്‍ യോഗ, നീന്തല്‍ എന്നിവ കരിക്കുലത്തിന്‍റെ ഭാഗമാക്കുകയും ചെയ്‌തു.