ഇടുക്കി: മാത്യു കുഴൽനാടൻ എം എൽ എയുടെ കൈവശം ചിന്നക്കനാലിൽ 50 സെന്‍റ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരി വച്ച് റവന്യൂ വകുപ്പ് (Revenue Department confirms Mathew Kuzhalnadan land encroachment). ഇത് സംബന്ധിച്ച് കൈയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് നൽകി. ചിന്നക്കനാലിൽ എം എൽ എയുടെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്.
എംഎൽഎയുടെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്‍റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് (Mathew Kuzhalnadan encroached land) കണ്ടെത്തിയത്.
എം എൽ എയ്‌ക്കെതിരെ ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്‍റ് ഭൂമിയാണ് മാത്യു മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്. റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്നാണ് മാത്യു കുഴൽ നാടന്‍റെ പ്രതികരണം.
അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തിൽ എന്ത് നടപടി സ്വീകരക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് തഹസിൽദാർ ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് നൽകിയത്. സ്ഥലം തിരികെ പിടിക്കാൻ ശുപാർശ നൽകുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. കേസിൽ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.
തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റര്‍ ചെയ്‌ത് കേസെടുക്കുന്ന കാര്യം തീരുമാനിക്കുക. തൊടുപുഴ മുട്ടം വിജിലൻസ് ഓഫിസിൽ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. വിജിലൻസ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്.