കോഴിക്കോട് : ചെറിയ പെരുന്നാളും വിഷുവും വന്ന് ചേരുന്ന ഈ വേളയിൽ സാമുദായിക സൗഹാർദത്തിൻ്റെ ഹൃദയസ്‌പർശിയായ ഒരു കഥ പറയാം. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ മുതുവല്ലൂർ എന്ന കൊച്ചു ഗ്രാമം. ഇവിടെയുള്ള 400 വർഷം പഴക്കം ചെന്ന ദുർഗ ദേവി ക്ഷേത്രത്തില്‍ നവീകരണം നടക്കുകയാണ്.
അതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ച് മെയ് മാസത്തിൽ വിഗ്രഹപ്രതിഷ്‌ഠ ചടങ്ങ് നടക്കും. ഇതിന്‍റെ ഭാഗമായി വർഷങ്ങളായി മുസ്ലീങ്ങളാണ് ക്ഷേത്രത്തിലേക്ക് ഉദാരമായി സംഭാവന നൽകുന്നത് എന്നതാണ് മത സൗഹാർദത്തിന്‍റെ പ്രകടമായ കാഴ്‌ച. പതിറ്റാണ്ടുകൾക്ക് മുമ്പ് തകർന്ന വിഗ്രഹത്തിന് പകരമായാണ് പുതിയ വിഗ്രഹം സ്ഥാപിക്കുന്നത്.
അതിനവിടെ തർക്കമില്ല എന്ന് മാത്രമല്ല, എല്ലാറ്റിനും മുൻകൈയെടുക്കുന്നത് മുസ്ലീങ്ങളാണ്. മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് എന്നിവർ ഒരുമിച്ചാണ് എല്ലാറ്റിനും നേതൃത്വം നൽകുന്നത്. തന്ത്രി തന്നെയാണ് മുസ്ലീം സമുദായത്തെയും തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെയും സമീപിച്ചത്.
2023 ൽ പുനരുദ്ധാരണത്തിനുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ തങ്ങൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. സംസ്ഥാന ഹജ് കമ്മിറ്റി അംഗം കെ പി സുലൈമാൻ ഹാജി ഒരു ലക്ഷം രൂപയാണ് സംഭാവന നൽകിയത്. പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയും ക്ഷേത്രത്തിൽ എത്തിയിരുന്നു.
ജുമുഅ നമസ്‌കാരത്തിനായി കൊണ്ടോട്ടിയിലെ ജനങ്ങൾക്ക് തിരൂരങ്ങാടിയിലേക്ക് ഒരുപാട് ദൂരം നടക്കേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. പ്രദേശത്ത് ഒരു പള്ളി പണിയുന്നതാണ് നല്ലതെന്ന് മുസ്ലീങ്ങൾ തീരുമാനിക്കുകയും അതിനായി ക്ഷേത്രത്തിൻ്റെ ഉടമ തലയൂർ മൂസദിൻ്റെ കുടുംബത്തെ സമീപിക്കുകയും ചെയ്‌തു. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പഴയങ്ങാടി മസ്‌ജിദിന് വേണ്ടി ക്ഷേത്ര ഉടമകൾ ഉടനടി ഭൂമി കൈമാറിയത് ചരിത്രം.
ഇപ്പോൾ ഇതാ ക്ഷേത്ര നിർമാണ സാമഗ്രികളും മറ്റ് സഹായങ്ങളും നൽകിയതിന് പുറമെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിച്ച 38 ലക്ഷം രൂപയിൽ വലിയൊരു പങ്ക് മുസ്ലീങ്ങൾ നൽകിയിയതാണ്. അങ്ങനെ രാജ്യത്തിന് തന്നെ മാതൃകയായി ഒരു സൗഹാർദം മലപ്പുറത്ത് വളർന്ന് പന്തലിക്കുകയാണ്.
ALSO READ:മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന്; ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം