രവീന്ദ്രൻ നായർ ഇടിവി ഭാരതിനോട് (ETV Bharat) തിരുവനന്തപുരം:48 മണിക്കൂർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയതിന്‍റെ ഞെട്ടലിലാണ് തിരുമല സ്വദേശി രവീന്ദ്രൻ നായർ. സമയം കൂടുന്തോറും മനസ്സിൽ മരണ ഭയം കൂടി വന്നുവെന്നും നടന്നതെല്ലാം ഒരു കടലാസിൽ കുറിക്കാൻ തുടങ്ങിയെന്നും ലിഫ്റ്റിൽ കുടുങ്ങിയ രോഗി ബി രവീന്ദ്രൻ നായർ ഇടിവി ഭാരതിനോട് പറഞ്ഞു.
നടുവേദനയ്ക്ക് ചികിത്സ തേടിയാണ് ശനിയാഴ്‌ച മെഡിക്കൽ കോളേജിൽ എത്തിയത്. ഡോക്‌ടർ രക്തം പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പോയി ദിവസങ്ങൾക്കു മുൻപെടുത്ത രക്ത പരിശോധന റിപ്പോർട്ടുമായി തിരികെ വന്നപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റിന്‍റെ പ്രവർത്തനം നിലച്ചപ്പോൾ കയ്യിലിരുന്ന ഫോൺ താഴെ വീണു പൊട്ടി. ഫോണിൽ ചാർജും കുറവായിരുന്നു. ലിഫ്റ്റിൽ ചില എമർജൻസി നമ്പറും അലാറം സ്വിച്ചുമുണ്ടായിരുന്നു. രണ്ട് കയ്യുമുപയോഗിച്ച് അലാറം സ്വിച്ച് ഞെക്കുകയും പിന്നാലെ അടിയന്തര സേവന നമ്പറിൽ വിളിക്കുകയും ചെയ്‌തു. ഒരു പ്രതികരണവുമുണ്ടായില്ല. കയ്യിലുണ്ടായിരുന്ന ബാഗ് തലയണയായി ഉപയോഗിച്ച് ലിഫ്റ്റിന്‍റെ നിലത്ത് കിടക്കാൻ തുടങ്ങി.
ഇടയ്ക്ക് ശബ്‌ദം കേൾക്കുമ്പോൾ എഴുന്നേൽക്കും. യാതൊരു പ്രയോജനവുമില്ല. ഇതിനിടെ ഫോണിന്‍റെ ചാർജ് തീർന്നു. പിന്നീട് രാത്രിയാണോ പകലാണോയെന്ന് അറിയാൻ കഴിയാതെയായി. പെട്ടെന്നു ലിഫ്റ്റിന്‍റെ താഴ് ഭാഗത്ത് നിന്ന് ശബ്‌ദം കേട്ടു. ശബ്‌ദം കേട്ടയുടൻ ശക്തിയായി ഞാൻ ലിഫ്റ്റിന്‍റെ കതകിൽ ഇടിച്ചു. അലാറം സ്വിച്ചിൽ വീണ്ടും ഞെക്കി. അപ്പോൾ കതക് തുറന്നു. ആളുണ്ടെന്ന് ഞാൻ ഉറക്കെ അലറി. പേടിക്കേണ്ടന്ന് പറഞ്ഞു ഒരാൾ ലിഫ്റ്റിൽ നിന്നും പുറത്തിറക്കി. എന്നിട്ട് അയാൾ മടങ്ങി. അവശനിലയിലായിരുന്നെങ്കിലും സെക്യൂരിറ്റിയോട് കാര്യം പറഞ്ഞു. അദ്ദേഹവും ഇതു കാര്യമായെടുത്തില്ല.
ഒപി കൗണ്ടറിന് സമീപം ചില സ്‌ത്രീകളെ കണ്ടു. അവിടെ ഒരാളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു. ഭാര്യയും രണ്ട് സെക്യൂരിറ്റി ജീവനക്കാരും പിന്നാലെ കാണാനെത്തി. വെള്ളം തന്നു. അപ്പോഴാണ് ഒന്ന് ആശ്വാസമായത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കാണാനെത്തി. ഇന്ന് രാവിലെ മന്ത്രിയും കാണാനെത്തി. സംഭവത്തില്‍ സ്വീകരിച്ച നിയമനടപടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ലിഫ്റ്റുകൾ കേന്ദ്രീകരിച്ച് കണ്ട്രോൾ റൂം സംവിധാനം വേണമെന്ന് താന്‍ മന്ത്രിയോട് ശുപാർശയായി പറഞ്ഞെന്നും രവീന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.
Also Read:'ലിഫ്റ്റിലെ അലാറം അമര്‍ത്തി, എമര്‍ജന്‍സി നമ്പറിലും വിളിച്ചു, ആരും പ്രതികരിച്ചില്ല'; സംഭവിച്ചത് ഗുരുതര അനാസ്ഥയെന്ന് രവീന്ദ്രന്‍റെ മകന്‍